കോട്ടോപ്പാടം: സകൂളിലേക്ക് പാഞ്ഞു കയറിയ തെരുവ് നായ വിദ്യാർത്ഥിനിയെ കടിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളിലാണ് സംഭവം. ക്ലാസിലെത്തിയ തെരുവ് നായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആക്രമിച്ചു. അധ്യാപികയുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിന് പുറമേ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റിട്ടുണ്ട്. സ്‌കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്‌കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു.
ഹോട്ടൽ തൊഴിലാളിയായ കൊറ്റങ്കാടൻ വീട്ടിൽ കുഞ്ഞാപ്പ, പുത്തൻ പീടിക വീട്ടിൽ ഉമൈമത്ത്, കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി സ്ക്കൂളിലെ വിദ്യാർത്ഥിനികളായ മിഹ്റ, റിഫ ഫാത്തിമ്മ, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമകാരിയായ നായയെ പിന്നീട് സ്ക്കൂളിന് സമീപത്തെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തി. നായക്ക് പേ വിഷബാധയുള്ളതായാണ് സംശയിക്കുന്നത്