അഗളി: അട്ടപ്പാടി ചുരത്തിലെ ഏഴാം വളവിൽ ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരപരിക്ക്. താവളം വീട്ടിയൂർ സ്വദേശി പ്രകാശൻ (23), ആനക്കല്ല് ഊരിലെ ഗിരികൃഷ്ണൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മണ്ണാർക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം. ഉടനെ ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രി, വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഗിരികൃഷ്ണനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.