ഓട്ടോറിക്ഷയിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം : ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞിരപ്പുഴ: ബസ് കാത്തിരിപ്പുകേന്ദ്രത്തിലിടിച്ച ഓട്ടോറിക്ഷയിൽനിന്നു തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തായ ഓട്ടോഡ്രൈവർ അറസ്റ്റിൽ. മദ്യപിച്ച് വാഹനമോടിച്ചതിന് കാഞ്ഞിരപ്പുഴ വർമംകോട് സ്വദേശി അനിൽകുമാറാണ് (33) അറസ്റ്റിലായത്. കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് നറുക്കത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ് (48) വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.

ഉണ്ണിക്കൃഷ്ണനും അനിൽകുമാറും മറ്റു മൂന്നു സുഹൃത്തുക്കളും മദ്യപിച്ചശേഷം ഓട്ടോറിക്ഷയിൽ വരികയായിരുന്നു. കാഞ്ഞിരത്തുനിന്നു മുണ്ടക്കുന്ന് ഭാഗത്തേക്കു വരുന്നതിനിടെയാണ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് സമീപത്തെ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിൽ വാതിലിനുസമീപം ഇരുന്നിരുന്ന ഉണ്ണിക്കൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉണ്ണികൃഷ്ണൻ വീണത് വാഹനമോടിച്ച അനിൽകുമാറോ ഒപ്പമുണ്ടായിരുന്നവരോ മദ്യലഹരിയിൽ ശ്രദ്ധിച്ചില്ലെന്നാണ് പോലീസിനോട് പറഞ്ഞത്.

കുറേസമയം കഴിഞ്ഞാണ് ഉണ്ണികൃഷ്ണനെ കാണാനില്ലെന്നകാര്യം ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും ഉണ്ണിക്കൃഷ്ണനെ ആളുകൾ മറ്റൊരുവാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആൾ മരിച്ചെന്നും അറിഞ്ഞു. മണ്ണാർക്കാട് പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടർന്നാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയും കേസെടുത്തു
Previous Post Next Post

نموذج الاتصال