വാഹനയാത്ര കഴിഞ്ഞ് രാത്രി ഒറ്റക്ക് നഗരത്തിലെത്തുന്നവരെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവരുന്ന സംഘത്തിലെ നാലുപേർ പിടിയിൽ
വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കഞ്ചിക്കോട് സ്വദേശിയെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും ഇല്ലെന്നുപറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഓൺലൈൻ സംവിധാനം ഇല്ലെന്നറിയിച്ചപ്പോൾ എം.ടി.എം. കാർഡ് ബലംപ്രയോഗിച്ചു പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും പറയുന്നു. തടയാൻ ശ്രമിച്ചതോടെ യാത്രക്കാരന്റെ തലയ്ക്കടിച്ചുപരിക്കേൽപ്പിച്ച് ഭീഷണിപ്പെടുത്തി എം.ടി.എം. കാർഡും പിൻ നന്പറും വാങ്ങുകയും കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡു പരിസരത്തെ എം.ടി.എം. കൗണ്ടറിൽനിന്ന് പണം പിൻവലിക്കുകയും ചെയ്തതായാണു പരാതി. എ.ടി.എം. കൗണ്ടറിലെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ആലത്തൂർ സ്വദേശിയായ അൻവർ കൊലപാതകം, കവർച്ച ഉൾപ്പെടെയുള്ള ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു. രാത്രി വീട്ടിൽനിന്നിറങ്ങി പാലക്കാട് പട്ടണത്തിലെത്തുന്ന കുട്ടികളെ ലഹരിനൽകി വശത്താക്കി കവർച്ചയ്ക്കായി ഉപയോഗിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കവർച്ചസംഘങ്ങളിൽപ്പെട്ടവർ, ട്രാൻസ്ജെൻഡർമാരാണെന്ന തരത്തിൽ വേഷംമാറി കവർച്ച നടത്തുന്നതായും പരാതിയുണ്ടെന്നു പോലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണ്.
പാലക്കാട് സൗത്ത് എസ്.ഐ.മാരായ എ. അനൂപ്, വി. ഹേമലത, കെ. രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി. ശശി, സി.പി.ഒ. എം. രാജേഷ് തുടങ്ങിയവരാണ് കേസന്വേഷിച്ചത്.
________________________________________
കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ‘വാടികാസ്മിതം’ നാളെമുതൽ
കാഞ്ഞിരപ്പുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി, കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ജലസേചനവകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ‘വാടികാസ്മിതം’ എന്നപേരിലുള്ള പരിപാടി ചൊവ്വാഴ്ച തുടങ്ങും.
26-നു വൈകീട്ട് അഞ്ചിന് കെ. ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനംചെയ്യും. തുടർന്ന്, നാടൻപാട്ട് അരങ്ങേറും. ഉദ്യാനത്തിലെ, കോങ്ങാട് കുട്ടിശങ്കരന്റെ പ്രതിമ 27-ന് അനാവരണംചെയ്യും. വൈകീട്ട് അഞ്ചിന് ഫ്യൂഷൻ, 28-ന് ഗാനമേള, 29-ന് സിനിമാറ്റിക് ഡാൻസ്, 30-ന് മ്യൂസിക് ബാൻഡ് എന്നിവയുണ്ടാകും. 31-ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യും. മെഗാ ഷോ നടക്കും.