മണ്ണാർക്കാട്: ‘വിദ്വേഷത്തിനെതിരേ ദുർഭരണത്തിനെതിരേ’ എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് 22 മുതൽ 31 വരെ ജില്ലയിൽ യൂത്ത് മാർച്ച് സംഘടിപ്പിക്കും. ഡിസംബർ 22ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടോപ്പാടത്ത് നിന്നും ആരംഭിക്കുന്ന യൂത്ത് മാർച്ച് ഡിസംബർ 31 ഞായറാഴ്ച ജില്ലാ മഹാ സമ്മേളനത്തോട് കൂടി തൃത്താല കൂറ്റനാട് സമാപിക്കും. ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളും എത്തിച്ചേരുന്ന യൂത്ത്മാർച്ചിൽ കാൽ ലക്ഷത്തോളം യുവാക്കൾ അണിനിരക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജാഥയുടെ പതാക കൈമാറ്റം സംസ്ഥാന യൂത്ത് ലീഗിന്റെ ജനറൽസെക്രട്ടറി പി. കെ. ഫിറോസ് നിർവ്വഹിക്കും. സംസ്ഥാന ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന യൂത്ത് ലീഗിന്റെ പ്രസിഡൻറ് സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങൾ ദേശീയ മുസ്ലിം ലീഗിന്റെ ഓർഗനൈസ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി എം.പി., ദേശീയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു, അഡ്വ: എൻ. ഷംസുദ്ദീൻ എംഎൽ എ തുടങ്ങിയ നേതാക്കൾ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ജില്ലാ യൂത്ത്‌ലീഗ് പ്രസിഡണ്ട് പി.എം.മുസ്തഫ തങ്ങൾ, ജില്ലാ യൂത്ത്‌ലീഗ് ജനറൽസെക്രട്ടറി റിയാസ് നാലകത്ത്, ട്രഷറർ നൗഷാദ് വെള്ളപ്പാടം, സലീം മാസ്റ്റർ, നൗഫൽ കളത്തിൽ, ഷമീർ പഴേരി തുടങ്ങിയവർ പങ്കെടുത്തു