മണ്ണാർക്കാട് സബ് ജില്ല ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് സമാപിച്ചു

മണ്ണാർക്കാട്: രണ്ടു ദിവസമായി കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു വന്ന സബ് ജില്ല ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് സമാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി. ക്യാമ്പിൽ ഡി.ഇ.ഒ.  ജയരാജ്, എ.ഇ.ഒ.  അബൂബക്കർ എന്നിവർ സംബന്ധിച്ചു. 

15 വിദ്യാലയങ്ങളിൽ നിന്നുള്ള ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന തിരഞ്ഞെടുത്ത 110 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങൾ ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ദ്വിദിന ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. ആനിമേഷന്‍, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ഈ വര്‍ഷം മുതലാണ് എ.ഐ. ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്. ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് അനിമേഷന്‍ സിനിമകള്‍ തയ്യാറാക്കി. കെഡിയെൻ ലൈവ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അനിമേഷൻ ടൈറ്റില്‍ തയാറാക്കൽ എന്നീ പ്രവര്‍ത്തനങ്ങളും പരിശീലിച്ചു. പൂർണമായും സ്വതന്ത്ര സോഫ്റ്റവെയർ ഉപയോഗപ്പെടുത്തിയുള്ളതായിരുന്നു ക്യാമ്പിലെ മൊഡ്യൂള്‍. 

 പ്രോഗ്രാമിംഗ് വിഭാഗത്തിൽ പിക്റ്റോബ്ലാക്ക് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, നിർമ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി. സബ്ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.
Previous Post Next Post

نموذج الاتصال