മണ്ണാർക്കാട്: വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് അലനല്ലൂർ വ്യാപാരഭവനിൽ വച്ച് ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയും, വ്യാപാരമാന്ദ്യവും നിമിത്തം ചെറുകിട വ്യാപാര മേഖല തകർന്നു കൊണ്ടിരിക്കുന്നു. വ്യാപാരികൾക്ക് സർക്കാർ സംരക്ഷണം നല്കുന്നതിന് പകരം ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി നിയമങ്ങൾ സർക്കാരുകൾ വ്യാപാരികൾക്ക് മേൽ അടിച്ചേൽപിക്കുകയാണെന്നും ആയതിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിസന്ധികൾ പരിഹരിച്ചിട്ടില്ലെങ്കിൽ ചെറുകിട വ്യാപാര മേഖല നാമാവശേഷമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം കൺവീനർ രമേഷ് പൂർണ്ണിമ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജന:സെക്രട്ടറി കെ.എ ഹമീദ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 2 ന് പട്ടാമ്പിയിൽ എത്തുന്ന വ്യാപാര സംരക്ഷണ ജാഥക്ക് മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് പരമാവധി വ്യാപാരികളെ പങ്കെടുപ്പിക്കാനും, സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി 13ന് നടക്കുന്ന കടയടപ്പ് സമരവും വിജയിപ്പിക്കാനും തീരുമാനിച്ചു. . ജില്ലാ വൈസ് പ്രസിഡൻറ് എ.പി. മാനു, ബാബു മൈക്രോ ടെക്, കൃഷ്ണൻ കോട്ടത്തറ, ഷൗക്കത്ത് തെങ്കര, കാദർ മാസ്റ്റർ, ജയശങ്കർ, കുഞ്ഞാൻ മലബാർ, ഷാജി തിരുവിഴാംകുന്ന്, മുഹമ്മദ് പാലോട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.