മണ്ണാർക്കാട്: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കരുവാരക്കുണ്ട് കൊളത്തൂര്‍ വീട്ടില്‍ ജാനകി (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ അഞ്ചുമാസമായി നാലുകണ്ടത്തുള്ള സഹോദരിയുടെ മകള്‍ ഉഷയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചുപോയിരുന്നു. ഇവർക്ക് കുട്ടികളില്ല. കടുത്ത ശ്വാസംമുട്ടലും മാനസിക വിഷമങ്ങളും ഇവരെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ചായ കുടിച്ചശേഷം കിടന്ന ഇവരെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറില്‍ ഇവരുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. താഴ്ചയുള്ള കിണറായതിനാല്‍ വട്ടമ്പലത്തെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സജിത് മോന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.പ്രശാന്ത്, ആര്‍. രാഹുല്‍, സി. റിജേഷ്, എം.എസ്. ഷബീര്‍, ഒ. വിജിത്, ഹോം ഗാര്‍ഡ് ടി.കെ. അന്‍സല്‍ ബാബു എന്നിവര്‍ സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തു. നാട്ടുകല്‍ സി.ഐ. എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍നടപടികളും സ്വീകരിച്ചു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.