പ്രതീകാത്മക ചിത്രം
മണ്ണാര്‍ക്കാട് : നിക്ഷേപിച്ച തുക തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ നിക്ഷേപകർ. വാഗ്ദാനം ചെയ്ത ചികിത്സ ആനുകൂല്ല്യങ്ങളും മറ്റും ലഭ്യമായില്ല, നിക്ഷേപിച്ച തുക തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ നല്‍കിയ പരാതിയില്‍ പൊലിസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തണമെന്ന് നിക്ഷേപകരായ ഒരു വിഭാഗം പേര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട് ധര്‍ണ നടത്തുമെന്നും ഇവര്‍ പറഞ്ഞു. കുന്തിപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2021ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ആശുപത്രിയില്‍ ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ നിക്ഷേപം നടത്തിയവരുണ്ട്. 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര ചികിത്സാ സൗകര്യങ്ങളോ മതിയായ ഡോക്ടര്‍മാരെ ഇല്ലാതെ ആരംഭിച്ച ആശുപത്രി നിലവില്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ചികിത്സ ആനുകൂല്ല്യം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയവര്‍ക്ക് വാഗ്ദാനം നല്‍കിയ ആനകൂല്ല്യങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ആശുപത്രി മാനേജ്‌മെന്റിനെ ബന്ധപ്പെടുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിച്ചു. നിക്ഷേപം തിരിച്ച് ആവശ്യപ്പെട്ടവര്‍ക്ക് നല്‍കിയ ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനും കഴിയുന്നില്ല. രണ്ടായിരത്തോളം നിക്ഷേപകരുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ മൂന്നൂറിലധികം പേര്‍ അംഗമായ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധരംഗത്തേക്ക് ഇറങ്ങുന്നതും. നവകേരള സദസിലും പരാതി നല്‍കിയിരുന്നു. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ പരാതി കൂടി ലഭിച്ചശേഷം ഒരുമിച്ച് അന്വേഷണം നടത്താമെന്നാണ് പൊലിസ് അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിക്ഷേപകരായ ഐ.കെ.മോഹന്‍, വിജയലക്ഷ്മി മോഹന്‍, ബിന്ദു ബാബു, കെ.ആഷിക്ക്, കെ.മുഹമ്മദ് ബഷീര്‍, അബ്ബാസ്, പി.ദേവദാസ്, ഒ.എം.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.