വനപാലകർക്കു നേരേ പാഞ്ഞടുത്ത് കാട്ടാനകൾ; മൂന്ന് പേർക്ക് പരിക്ക്

                        പ്രതീകാത്മക ചിത്രം 

മണ്ണാർക്കാട്: പാഞ്ഞടുത്ത കാട്ടാനകളിൽനിന്ന്‌ ഓടി രക്ഷപ്പെടുന്നതിനിടെ മൂന്നു വനപാലകർക്കു വീണു പരിക്കേറ്റു.  ആർ.ആർ.ടി.യിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ അബ്ദുൾ കരീം, ഫോറസ്റ്റ് വാച്ചർ ലക്ഷ്മണൻ, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ഷൈജു എന്നിവർക്കാണ് പരിക്കേറ്റത്. അബ്ദുൾ കരീമിന് കണ്ണിനാണ് പരിക്ക്.  തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ കാഞ്ഞിരംകുന്നിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം.  ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ച രണ്ട് കാട്ടാനകളെ തുരത്താനെത്തിയതായിരുന്നു വനപാലകർ.

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ (ഗ്രേഡ്) എം. ജഗദീഷിന്റെ നേതൃത്വത്തിലുള്ള സ്റ്റേഷൻ ജീവനക്കാരും, ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ (ഗ്രേഡ്) വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി. ഉൾപ്പെടെ പതിനെട്ടോളം പേരടങ്ങുന്ന സംഘമാണ് ആനകളെ തുരത്താനെത്തിയത്. കാഞ്ഞിരംകുന്നിൽ ജനവാസകേന്ദ്രത്തിന് സമീപത്തെ വനത്തിൽ തമ്പടിക്കുന്ന ഇവ രാത്രിയോടെ കൃഷിയിടങ്ങളിലെത്തി നാശം വിതയ്ക്കുകയാണ്. കർഷകർ പരാതിപ്പെട്ടതിനെ തുടർന്ന് ആനകളെ വനപാലകർ നിരീക്ഷിച്ചുവരികയായിരുന്നു.

വ്യാഴാഴ്ച പാണക്കാട് റിസർവ് വനത്തിലേക്ക് ആനകളെ കയറ്റിവിടാനായിരുന്നു വനപാലകർ ലക്ഷ്യം വെച്ചത്. ഇതിനായി ബഹളം വെയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. പടക്കം പൊട്ടിച്ചതോടെ കാട്ടുകൊമ്പൻ വനപാലകർക്ക് നേരേ തിരിഞ്ഞു. പടക്കമെറിഞ്ഞിട്ടും കൂസാതിരുന്ന ആന വനപാലകസംഘത്തെ ആക്രമിക്കാനും ശ്രമിച്ചു. പടക്കമെറിയാനോ പമ്പ് ആക്ഷൻ ഗൺ ഉപയോഗിക്കാനോ കഴിഞ്ഞില്ല. ഇതോടെ ജീവൻ രക്ഷിക്കാനായി വനപാലകർ ചിതറിയോടുകയായിരുന്നു. ആനകൾ കാടുകയറിയെങ്കിലും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി രാത്രിയിൽ പട്രോളിങ്‌ നടത്തുമെന്നും അടുത്ത ദിവസം കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് ആനകളെ തുരത്താൻ നടപടി സ്വീകരിക്കുമെന്നും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷൻ അധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال