മണ്ണാർക്കാട്: വില്പനയ്ക്കായി വാടകമുറിയിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്ന ശേഖരം മണ്ണാർക്കാട് പോലീസ് പിടികൂടി. സംഭവത്തിൽ മണ്ണാർക്കാട് ആണ്ടിപ്പാടം മംഗലംതൊടി സെയ്ത് (43) പിടിയിലായി. നെല്ലിപ്പുഴ ഭാഗത്ത് പലചരക്കുകച്ചവടം നടത്തുന്നയാളാണ് സെയ്ത്. ഇയാളാണ് വടക്കുമണ്ണത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലെ മുറി വാടകയ്ക്കെടുത്തിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് എസ്.ഐ.മാരായ വി. വിവേക്, സി.എ. സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില കണ്ടെത്തിയത്. 46 ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. മണ്ണാർക്കാടും പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാണിതെന്ന് പോലീസ് വ്യക്തമാക്കി. കർണാടകയിൽ നിന്നുള്ള ഒരാളാണ് ഇവ എത്തിക്കുന്നതെന്നും ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വില്പനയെന്നും സെയ്ത് മൊഴി നൽകിയതായി പോലീസ് പറയുന്നു.
പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
byഅഡ്മിൻ
-
0