ലണ്ടൻ: ഈസ്റ്റ് സസക്സിലെ ഹേസ്റ്റിങ്സിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുകെ മലയാളി മരിച്ചു. പാലക്കാട് വാഴമ്പുറം സ്വദേശിയായ സഞ്ജു സുകുമാരന്‍ (39) ആണ് അന്തരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം ഹേസ്റ്റിങ്സിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ സിപിആർ ഉൾപ്പടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസ് സേവനം തേടി. ആംബുലൻസിൽ പാരാമെഡിക്കൽസ് ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈസ്റ്റ് സസക്സ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കോൺഗസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സായ സീതു, മക്കൾ ശ്രാവൺ(7), ശ്രയാൻ(3), ശ്രിയ(5 മാസം) എന്നിവരോടൊപ്പം ഹേസ്റ്റിങ്സിൽ താമസിച്ചു വരികയായിരുന്നു സഞ്ജു. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ ഹേസ്റ്റിങ്സിലെ യുകെ മലയാളികൾ നടത്തി വരികയാണ്. പാലക്കാട് വാഴമ്പുറം നെല്ലിക്കുന്നത്ത് വീട്ടിൽ സുകുമാരൻ, കോമളവല്ലി എന്നിവരാണ് മാതാപിതാക്കൾ. സജു, സനു എന്നിവർ സഹോദരങ്ങളും.