പാലക്കാട്: സ്വർണമാലയും വാഹനങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ അന്തർ സംസ്ഥാന കവർച്ചാസംഘം പിടിയിൽ. കോയമ്പത്തൂർ ഇട്ടേരി കുറിച്ചിപിരിവ് സ്വദേശി ആട് ഷാജഹാൻ എന്ന ഷാജഹാൻ (34), കോയമ്പത്തൂർ പുള്ളുക്കൾ ഹൗസിങ് കോളനി കാജാഹുസൈൻ (24) എന്നിവരാണ് പിടിയിലായത്. പാലക്കാട് ടൗൺ നോർത്ത് പോലീസ് തമിഴ്നാട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
ഡിസംബർ ഒന്നിന് പുലർച്ചെ മാട്ടുമന്തയ്ക്ക് സമീപം, ക്ഷേത്രം ശുചീകരിക്കാനായി നടന്നുപോവുകയായിരുന്ന മണിയുടെ (82) മാല ഷാജഹാൻ കവർന്നിരുന്നു. മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ പ്രതിയെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് കണ്ടെത്തിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ, ഷാജഹാനും കാജാഹുസൈനും ചേർന്ന് ഡിസംബർ ഏഴിന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന റെയിൽവേ ജീവനക്കാരന്റെ മോട്ടോർ സൈക്കിൾ മോഷ്ടിച്ചതായും കണ്ടെത്തി. പ്രതികൾക്കെതിരേ കോയമ്പത്തൂർ, തുടിയല്ലൂർ, പോത്തനൂർ തുടങ്ങി നിരവധി പോലീസ് സ്റ്റേഷൻ പരിധിയിൽ 20 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. സുനിൽ, എസ്.ഐ. ഒ.ജി. ഷാജു, എസ്.സി.പി.ഒ.മാരായ പി.എച്ച്. നൗഷാദ്, മണികണ്ഠദാസ്, സുജേഷ്, ദിലീപ് കുമാർ, സി.പി.ഒ.മാരായ ആർ. രഘു, സി. അജേഷ്, എ.എസ്.ഐ. സലീന ബാനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.