പ്രതീകാത്മക ചിത്രം
ഓട്ടോഡ്രൈവറായ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56), ട്രാൻസ്ജെൻഡർ മായ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ബി.ഇ.എം. സ്കൂളിന് സമീപത്തുണ്ടായിരുന്ന ട്രാൻസ്ജെൻഡർമാരും ഓട്ടോയിലെത്തിയ രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ സംഘർഷത്തിലേക്ക് മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാത്രക്കാരുമായി വന്ന ഓട്ടോഡ്രൈവർക്കും സംഘർഷത്തിൽ പരിക്കേറ്റു. കല്ലുകൊണ്ട് മുഖത്തു കുത്തിയെന്നാണ് പരാതി.
ഓട്ടോഡ്രൈവറുടെ മുഖത്തുൾപ്പെടെ പരിക്കുണ്ട്. ഇരുമ്പ് കമ്പികൊണ്ട് ദേഹത്തു കുത്തി ട്രാൻസ്ജെൻഡറിന് പരിക്കേറ്റതായും പരാതിയുണ്ട്. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്ഥലത്തെത്തി. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.