തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ കോടതി ജനുവരി 21 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുലിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് റിമാൻഡ് ചെയ്യാനുള്ള കോടതി തീരുമാനം. കോടതി നിർദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ പരിശോധന വീണ്ടും നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു നിർദേശം. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള ആരോഗ്യ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. കേസിനാസ്പദമായ സംഭവത്തിൽ പരിക്കേറ്റ് രാഹുൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കാനായിരുന്നു കോടതി നിർദേശം.
അതിനിടെ, അവർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യട്ടേയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തുടങ്ങിയിട്ടല്ലേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.
Tags
kerala