അഗളി: അസുഖബാധിതയായ ആദിവാസി യുവതിയെ ആംബുലൻസിൽ എത്തിക്കാൻ സ്ട്രച്ചറിൽ ചുമന്നത് 700 മീറ്റർ . ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കി (48)ക്കാണ് ഈ ദുരനുഭവം. റോഡില്ലാത്തതിനാൽ വീടിനടുത്ത് ആംബുലൻസ് എത്താത് കൊണ്ടാണ് ചുമക്കേണ്ടിവന്നത്
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അപസ്മാര ലക്ഷണത്തോടെ യുവതി അവശനിലയിലായതായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വിവരമെത്തുന്നത്. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി ‘108’ ആംബുലൻസ് പോയെങ്കിലും യുവതി കിടക്കുന്ന വീടിനടുത്തേക്ക് എത്താനായില്ല. തുടർന്ന് ആംബുലൻസിൽനിന്ന് സ്ട്രച്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നഴ്സ് എബി എബ്രഹാം തോമസ് എന്നിവരുടെ സഹായത്തോടെ യുവതിയെ വണ്ടിയിലെത്തിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിൽ തുടരുകയാണ്. വാഴക്കരപ്പളത്ത് ആറുകുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്തേക്ക് റോഡില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.