"മണ്ണാർക്കാട്" ബഡ്ജറ്റ് വാർത്തകൾ

കഞ്ചിക്കോട് മോഡല്‍ വ്യവസായപാര്‍ക്ക്, നെല്ല് നേരിട്ട് സംഭരിക്കാന്‍ സമിതി; തൊഴിലുറപ്പിനും കൃഷിക്കും ഊന്നല്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
മണ്ണാര്‍ക്കാട് : തൊഴിലുറപ്പ് പദ്ധതിയ്ക്കും കാര്‍ഷികമേഖലയ്ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ്. 135,8193372 കോടി രൂപ വരവും 129,31,20000 രൂപ ചിലവും 6,50,73372 കോടി രൂപ നീക്കിയിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കനാണ് അവതരിപ്പിച്ചത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വയോധികരുംസ്ത്രീകളുമുള്‍പ്പെടെയുള്ള ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ 50 കോടിരൂപ വകയിരുത്തി. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ 70 ലക്ഷംരൂപ ചിലവില്‍  തച്ചമ്പാറയില്‍ എ.ബി.സി. കേന്ദ്രം ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കും. അലനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സാ സൗകര്യവും ലബോറട്ടറി ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനുമുള്‍പ്പെടെ ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് ഒരുകോടി നീക്കിവെച്ചിട്ടുണ്ട്. കഞ്ചിക്കോട് മോഡല്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് 10ലക്ഷംരൂപ, നെല്ലുല്‍പാദനം വര്‍ധിപ്പിച്ച് നെല്ല് നേരിട്ട് സംഭരിക്കുന്നതിന് എ.ഡി.എ.യുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുന്നതിനും ഭക്ഷ്യ-നാണ്യ വിളകളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും 2.50 കോടി രൂപയും വകയിരുത്തി. പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമപദ്ധതിയില്‍ വിദ്യാഭ്യാസ നൈപുണ്യ വികസനം, ആരോഗ്യമേഖലയുടെ വികസനത്തിന് 60കോടിയുടെ പദ്ധതി ചെലവുകളിലേക്കും തുക വകയിരുത്തി. 50തിലധികം ഗ്രാമീണറോഡുകളും പുനരുദ്ധാരണം, റോഡിലെ അടിസ്ഥാനസൗകര്യങ്ങള്‍, ബ്ലോക്കിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും സംരക്ഷണം, പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവയ്ക്കായി 14.60 കോടിയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി 44 ലക്ഷം, വയോധികരുടേയും അഗതികളുടേയും ക്ഷേമത്തിന് വയോജന വിശ്രമകേന്ദ്രം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 45 ലക്ഷം, ഭിന്നശേഷിക്കാരുടേയും ശിശുക്കളുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം, വരുംകാലങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാനും പുതിയ കുടിവെള്ള പദ്ധതികള്‍ക്കും നിലവിലെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും ഒരു കോടി രൂപ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മണ്ണാര്‍ക്കാടിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ നിയമാനുസൃതം പഞ്ചായത്തുകളെ സഹായിക്കുന്നതിന് 40 ലക്ഷം, വിദ്യാഭ്യാസം, കലാകായിക മേഖലയ്ക്ക് 23 ലക്ഷം രൂപയും ബജറ്റില്‍ പ്രത്യേകം നീക്കി വെച്ചിട്ടുണ്ട്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി.ബുഷ്‌റ, മെമ്പര്‍മാരായ മുസ്തഫ വറോടന്‍, പി വി കുര്യന്‍, ഷാനവാസ് മാസ്റ്റര്‍, ജയശ്രി ടീച്ചര്‍, പടുവില്‍ കുഞ്ഞി മുഹമ്മദ്, വി. അബ്ദുള്‍സലീം, മണികണ്ഠന്‍ വടശ്ശേരി,  ആയിഷ ബാനു കാപ്പില്‍, ഓമന രാമചന്ദ്രന്‍, സെക്രട്ടറി ഡി.അജിത്കുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സജ്‌ന സത്താര്‍, കെ.പി.എം. സലീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആസൂത്രണ സമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
_________________________________________

മണ്ണാര്‍ക്കാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു
മണ്ണാര്‍ക്കാട്: വിദ്യാഭ്യാസമേഖലയുടെ സമഗ്രവികസനവും വയോജനങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനും ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് നഗരസഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 71,70,83,073 കോടിരൂപ വരവും 70,27,37,500 കോടി ചിലവും 1,43,45,573 കോടിരൂപ നീക്കിയിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീതയാണ് അവതരിപ്പിച്ചത്. ഉത്പാദനമേലയ്ക്ക്  ആകെ 4.66 കോടി രൂപയും സേവനമേഖലയില്‍ 20 കോടിയിലധികം രൂപയും  പശ്ചാത്തലമേഖലയില്‍ 3.5 കോടി രൂപയും  വകയിരുത്തി. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി  നാല് കോടിരൂപ നീക്കിവെച്ചു. താലൂക്ക് ആശുപത്രിയ്ക്കും അലോപ്പതിയ്ക്കുമായി 1.25 കോടിയും വകയിരുത്തി. ശുചിത്വ -മാലിന്യ പരിപാലനത്തിന് 40 ലക്ഷവും ബജറ്റിലുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ 100 ജനറല്‍ വീടുകളും നിര്‍മിച്ചുനല്‍കും. നഗരസഭയുടെ സ്വപ്‌നപദ്ധതിയായ പുതിയ ഓഫിസ് - ഷോപ്പിങ് കോംപ്ലക്‌സ് , ഷീലോഡ്ജ് കം കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിന് 15 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാ ഇനത്തില്‍ വകയിരുത്തി. കൃഷി, അനുബന്ധമേഖലകള്‍ക്കും,  റോഡുകള്‍, വൈദ്യുതി, പൊതുജനാരോഗ്യകേന്ദ്രങ്ങള്‍, മാലിന്യ പരിപാലനം, ശുചിത്വം, കുടിവെള്ളവിതരണം എന്നിവയ്ക്കും തുക വകയിരുത്തി. കൃഷിയില്‍ പച്ചക്കറികള്‍, നെല്‍കൃഷി വികസനവുണ്ട്.  മുഴുവന്‍ വാര്‍ഡുകളിലെയും അറുപത് വയസുകഴിഞ്ഞ എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുണ്ട്. ഒരു വര്‍ഷത്തിലാണ് കിറ്റ് നല്‍കുക. വിദ്യാഭ്യാസം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 36ലക്ഷം, നഗരസഭാ പരിധിയിലെ അങ്കണവാടികളും സ്‌കൂളുകളും സ്മാര്‍ട്ട് ക്ലാസ് മുറിയാക്കാനുള്ള സംവിധാനങ്ങള്‍ക്കും തുകയുംപ്രൈമറി വിദ്യാഭ്യാസത്തിന് 15ലക്ഷവും വകയിരുത്തി. തനത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ദൈനംദിന വരുമാന വര്‍ധനവിനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, മാസിത സത്താര്‍, പി. വത്സലകുമാരി, കൗണ്‍സിലര്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് കൗണ്‍സിലര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
__________________________________________

പാര്‍പ്പിടത്തിനും തൊഴിലുറപ്പിനും പ്രാധാന്യം; കുമരംപുത്തൂര്‍ പഞ്ചായത്ത് ബജറ്റ്

മണ്ണാര്‍ക്കാട് : പാര്‍പ്പിടത്തിനും തൊഴിലുറപ്പ് പദ്ധതിയ്ക്കും പ്രാധാന്യം നല്‍കി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 46,94,48,676 രൂപ വരവും 45,18,76,301 രൂപ ചെലവും 1,75,72,375 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടനാണ് അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ അനുബന്ധമേഖലകള്‍ ഉള്‍പ്പടുന്ന ഉല്‍പ്പാദന മേഖലയ്ക്ക് 87,80,892 രൂപ നീക്കി വെച്ചു. പാലിയേറ്റിവ് കെയര്‍, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ക്ക് മരുന്നുവാങ്ങള്‍ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്, സ്‌കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍, ആശ്രയ അഗതി അതിദരിദ്രരുടെ ക്ഷേം എന്നിവ ഉള്‍ക്കൊള്ളുന്ന സേവനമേഖലയ്ക്ക് 8,01,95,580രൂപ വകയിരുത്തി. വിവിധ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചാത്തല മേഖലയ്ക്ക് 4,43,68,960 രൂപയും നീക്കിവെച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 11കോടി രൂപയും സാമൂഹ്യസുരക്ഷിതത്വ പെന്‍ഷനുകളുടെ വിതരണത്തിന് 12 കോടി രൂപയും ബജറ്റിലുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ ഭവനം പ്രഖ്യാപനം നടത്തുന്നതോടൊപ്പം ജനറല്‍ വിഭാഗത്തിന് വീട് നല്‍കാനും ലക്ഷ്യമിടുന്നു. ഗ്രാമ പഞ്ചായത്തിന്റെ തനതായ ബ്രാന്‍ഡ് നെയിമോടു കൂടി ഒരു ശിങ്കാരിമേളം ട്രൂപ്പ്, വിവിധ ജംങ്ഷനുകളില്‍ ബോട്ടില്‍ ബൂത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിന് സുസജ്ജമായ എം.സി.എഫ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനും തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, അംഗനവാടി പോഷകാഹര വിതരണ പദ്ധതി, പി.എച്ച്.സി കെട്ടിട നിര്‍മാണം, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് സിസിടിവി കാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം തുക നീക്കിവെച്ചു.

യോഗത്തില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പി.എം.നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിരമടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഷമീര്‍, കാദര്‍ കുത്തനിയില്‍, സെക്രട്ടറി വി.ബിന്ദു മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
__________________________________________
ഹരിത സുന്ദര അലനല്ലൂര്‍ എന്ന സ്വപ്‌നപദ്ധതി ലക്ഷ്യമാക്കി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് 

അലനല്ലൂര്‍: മാലിന്യമുക്ത ശുചിത്വപരിപാലന പദ്ധതികളിലൂടെ ഹരിത സുന്ദര അലനല്ലൂര്‍ എന്ന സ്വപ്‌നപദ്ധതി ലക്ഷ്യമാക്കി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ്. കാര്‍ഷിക,ആരോഗ്യ,വിദ്യാഭ്യാസ, ശുചിത്വ മേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്നു. 56,70,82,021 രൂപ വരവും 55,66,40,000 രൂപ ചിലവും 1,04,42,021 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടിയാണ് അവതരിപ്പിച്ചത്. ഉല്‍പ്പാദന മേഖലയ്ക്കായി 2,45,65,000 രൂപയും സേവന മേഖലയ്ക്കായി 21,56,5000 രൂപയും പദ്ധതി റവന്യു ചെലവുകള്‍ക്കായി 32, 36 ,65, 000 രൂപയും പദ്ധതി മൂലധന ചെലവുകള്‍ക്കായി 6, 79,50,000 രൂപയും വകയിരുത്തി.കാര്‍ഷിക മേഖലയില്‍ പൊതുവിപണന കേന്ദ്രം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് തുക നീക്കി വെച്ചു. ആരോഗ്യമേഖലയില്‍ ജീവനം, മാസികമിത്ര തുടങ്ങിയ ആരാഗ്യസുരക്ഷാ പദ്ധതികള്‍, കായികവികസനത്തിന് പഞ്ചായത്തിലെ മൈതാനങ്ങളുടെ നവീകരണത്തിനുള്‍പ്പടെ തുക വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങളുടെ സമ്പൂര്‍ണ പാര്‍പ്പിടം, ആരോഗ്യം, തൊഴില്‍മേഖലയ്ക്കും പരിഗണനയുണ്ട്. മൃഗസംരക്ഷണം, ക്ഷീരമേഖല, യുവജനക്ഷേമം, കുടിവെള്ളം, ചെറുകിട വ്യവസായ സംരഭങ്ങള്‍, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, നൂറിലധികം ഗ്രാമീണ റോഡുകളുടെ അടിസ്ഥാന സൗകര്യവികസനവും വയോജന,ശിശു സൗഹൃദ ഹാപ്പിനെസ് പാര്‍ക്ക് എന്നിവയും ബജറ്റില്‍ ഇടം പിടിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.ബക്കര്‍, കെ.റംലത്ത്, എം.ജിഷ, അംഗങ്ങളായ കെ.ഹംസ, പി.മുസ്തഫ, അലിമഠത്തൊടി അനിത വിത്തനോട്ടില്‍, ഷൗക്കത്ത് പെരുമ്പയില്‍, സെക്രട്ടറി ശാന്തി, ഹെഡ്ക്ലാര്‍ക്ക് വിദ്യ എന്നിവര്‍ സംസാരിച്ചു. കെ.വേണുമാസ്റ്റര്‍, കാസിം ആലായന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
__________________________________________

കൃഷിയ്ക്കും വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കി കാഞ്ഞിരപ്പുഴ പഞ്ചായത്ത് ബജറ്റ്

കാഞ്ഞിരപ്പുഴ:  കാര്‍ഷിക- വിനോദസഞ്ചാര മേഖലകള്‍ക്ക്  ഊന്നല്‍ നല്‍കി കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 28,02,27,815 രൂപ  വരവും 27,49,64,956 രൂപ ചിലവും 55,62,859 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടനാണ് അവതരിപ്പിച്ചത്. വിനോദസഞ്ചാരത്തിന് പ്രാമുഖ്യം നല്‍കുന്നതിനൊപ്പം തന്നെ കാഞ്ഞിരപ്പുഴയുടെ തനത് വിഭവങ്ങള്‍ പൊതുവിപണിയിലെത്തിക്കുന്നതിനുള്ള സംരഭങ്ങളും ഗ്രാമത്തിന്റെ കായികസംസ്‌കാരം പ്രബലമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ബജറ്റ് വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസ മേഖല, മൃഗസംരക്ഷണ മേഖല, ക്ഷീരമേഖല, ചെറുകിട വ്യവസായം സൂക്ഷ്മസംരഭങ്ങള്‍, ഉല്‍പ്പാദനമേഖല,ആരോഗ്യമേഖല, ശുചിത്വം-മാലിന്യപരിപാലനം, യുവജനക്ഷേമം, പൊതുകുടിവെള്ള പരിപാടികള്‍, പാര്‍പ്പിട മേഖല, അഗതിക്ഷേമം എന്നിവയ്ക്കും തുക വകയിരുത്തി. അങ്കണവാടികള്‍ക്കായും ജീവനക്കാര്‍ക്ക് വേതനം നല്‍കാനും ഭിന്നശേഷിയുള്ളവര്‍, പാലിയേറ്റീവ് പദ്ധതി, തൊഴില്‍നൈപുണ്യവികസനം, പട്ടികജാതി -പട്ടികവര്‍ഗക്ഷേമം, തെരുവുവിളക്ക് വൈദ്യുതീകരണവും പരിപാലനവും, പുതിയ റോഡുകള്‍, റോഡിതര ആസ്തികളുടെ അറ്റകുറ്റപണി, പരിപാലനം എന്നിവയ്ക്കും പ്രത്യേകം തുക നീക്കിവെച്ചിട്ടുണ്ട്. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷിബി കുര്യന്‍, മിനിമോള്‍, മെമ്പര്‍മാരായ പി.രാജന്‍, അംബിക, പ്രതീഷ്, ശോഭന, ഉഷാദേവി, ദിവ്യ, പ്രിയ, ഷാജഹാന്‍, റീന, മുഹമ്മദാലി, സി.ടി.അലി, സെക്രട്ടറി ശിവപ്രകാശ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post

نموذج الاتصال