മലപ്പുറം: വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമാക്കി വിൽപ്പനയ്ക്കെത്തിച്ച 305 ഗ്രാം മെത്താംഫെറ്റമിനുമായി രണ്ടുപേർ മാറഞ്ചേരിയിൽ പിടിയിലായി. മാറഞ്ചേരി എം.ജി. റോഡ് നാലകം സ്വദേശി കൈപ്പുള്ളിയിൽ മുഹമ്മദ് ബഷീർ (42), പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് സാബിർ (28) എന്നിവരെയാണ് പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ജി. അരവിന്ദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കൗമാരക്കാരെ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ വിൽപ്പന. ബഷീറാണ് മലപ്പുറം ജില്ലയിലെ പ്രധാനി. ബെംഗളൂരു വഴിയാണ് ഇവർ മെത്താംഫെറ്റമിൻ കേരളത്തിലേക്കെത്തിക്കുന്നതെന്നാണ് എക്സൈസ് നിഗമനം.
പിടിച്ചെടുത്ത മെത്താംഫെറ്റമിന് വിപണിയിൽ പത്തുലക്ഷംരൂപ വിലവരും. സംഘം രണ്ടാഴ്ചയായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
രണ്ടു പ്രതികളെയും ചൊവ്വാഴ്ച പൊന്നാനി കോടതി റിമാൻഡ്ചെയ്തു. വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. നൗഫൽ, ടി. ഷിജുമോൻ, അസി. എക്സൈസ് ഇൻസ്പെക്ടർ സി. ശ്രീകുമാർ, മുരുകൻ, പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ്, ടി. ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. അഖിൽദാസ്, ജ്യോതി, ഡ്രൈവർ പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു