എടേരത്ത് വീടിന് തീപിടിത്തം, കഷായപ്പടിയിൽ യുവതി കിണറിലകപ്പെട്ടു, ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം. എല്ലായിടത്തും ഓടിയെത്തി മണ്ണാർക്കാട് അഗ്നിശമന സേന

മണ്ണാർക്കാട്: കുമരംപുത്തൂർ എടേരത്ത് വീടിന് തീപിടിച്ചു. എടേരം രാമൻകുട്ടിയുടെ വീടിനാണ് തീപിടിച്ചത്. വീട്ടുപകരണങ്ങളും വിതരണത്തിനായി സൂക്ഷിച്ച അലോപ്പതി മരുന്നുകളും കത്തിനശിച്ചു. രാധാകൃഷ്ണൻ അലോപ്പതി മരുന്ന് വിതരണം ചെയ്യുന്ന ആളാണ്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തിങ്കളാഴ്ച പുലർച്ചെ 4.30-നാണ് സംഭവം. രാമൻകുട്ടിയും മകൻ രാധാകൃഷ്ണനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ടുണർന്ന ഇവർ മുറിയിൽ തീ ആളിപ്പടരുന്നതാണ് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേനാംഗങ്ങളെത്തി മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അയൽവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാസേന ജീവനക്കാർ പറഞ്ഞു.

തിങ്കളാഴ്ച രാത്രി 12-ന് മൈലാംപാടം കഷായപ്പടിയിൽ കിണറിലകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഇവരെ ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.

രാത്രിയിൽ അട്ടപ്പാടി ചുരം ഏഴാം വളവിൽ റോഡിന് കുറുകെ വീണ മരം മണ്ണാർക്കാട് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


രക്ഷാപ്രവർത്തനങ്ങളിൽ അസി. സ്റ്റേഷൻ ഓഫീസർ എ.കെ. ഗോവിന്ദൻകുട്ടി, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സജിത്ത് മോൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വി. സുരേഷ്‌കുമാർ, കെ.വി. സുജിത്ത്, വി. സുജീഷ്, എം. മഹേഷ്, പ്രശാന്ത്, ഒ. വിജിത്ത്, ഹോംഗാർഡ് ടി.കെ. അൻസൽ ബാബു എന്നിവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال