മണ്ണാർക്കാട്: ഇൻഷുറൻസ് രേഖകളിൽ കൃത്രിമം കാണിച്ച് 29 ലക്ഷം തട്ടിയ കേസിലെ പ്രതി പിടിയിൽ. ഊട്ടി സ്വദേശി പ്രശാന്ത് (33 ) നെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ണാർക്കാട് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ യൂണിറ്റ് മാനേജറായി ജോലി ചെയ്തിരുന്ന സമയത്താണ് പ്രതി രേഖകളിൽ കൃത്രിമം കാണിച്ച് പോളിസി ഉടമകളുടെ പണം തട്ടിയത്. തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.
പോളിസി എടുക്കുന്ന സമയത്ത് പോളിസി ഉടമകളിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്ന ബാങ്ക് അക്കൗണ്ട് രേഖകളിലും, ചെക്ക് ലീഫുകളിലും ഉടമകൾ അറിയാതെ പ്രതി കൃത്രിമം നടത്തുകയും, അവരറിയാതെ എക്കൗണ്ട് വിവരങ്ങൾ പ്രതിയുടെ ബാങ്ക് എക്കൗണ്ട് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത് പോളിസി ഹോൾഡേഴ്സിന്റെ പേര് കൂടി അടിച്ച് ചേർത്ത് വ്യാജ രേഖ ഉണ്ടാക്കുകയും, അത് അസ്സലായി ഉപയോഗിച്ച് പോളിസി കാലാവധി പൂർത്തിയാകുന്ന സമയത്ത് പോളിസി തുക ഈ രേഖകൾ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഇങ്ങനെ രണ്ടു അക്കൗണ്ടുകളിൽ നിന്നായി 29 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഈ തുക പിൻവലിച്ച ശേഷം അക്കൗണ്ട് ക്ലോസ് ചെയ്ത് പ്രതി ഒളിവിൽ പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് മുട്ടികുളങ്ങര വെച്ചാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പോലിസ് മേധാവി ആർ.ആനന്ദ് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം മണ്ണാർക്കാട് ഡിവൈ.എസ്. പി.ടി.എസ് സിനോജ്,മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ.ബൈജു,
എസ് .ഐ. സുരേഷ്, എ.എസ്. ഐ.സീന, ഹെഡ് സീനിയര് സി.പി.ഒ സാജിദ്, സി പി ഒ റംഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.