മണ്ണാർക്കാട്: മുഖമെഴുതി, ഭാവം തെളിഞ്ഞു അരങ്ങേറി, പിറന്നത് ചരിത്രനിമിഷം. പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിൽ കല്ലേക്കുളങ്ങര കഥകളി ഗ്രാമം അവതരിപ്പിച്ച പരിപാടിയിൽ മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശി മുഹമ്മദാലി മാസ്റ്റർ തന്റെ നാല്പത്തിഒമ്പതാം വയസ്സിൽ ശ്രീകൃഷ്ണ വേഷത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ പിറന്നത് ചരിത്രനിമിഷം. നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ, അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രവഞ്ചം മുഴുവൻ നിങ്ങളോടൊപ്പം നിൽക്കും എന്ന പൗലോ കൊയ്ലോയുടെ വാക്കുകൾ സത്യമെന്നതിന്റെ അനുഭവസാക്ഷ്യമായി അത്.
ബാല്യം മുതൽ കഥകളിയെ സ്നേഹിച്ച മുഹമ്മദാലി എന്ന കുട്ടി വളർന്ന് മുഹമ്മദാലി മാസ്റ്ററായപ്പോഴും കഥകളിയെ ഹൃദയത്തോട് ചേർത്തുപിടിച്ചു. ആ ആരാധനയുടെയും ചേർത്തു പിടിക്കലിന്റെയും സ്വപ്ന സാക്ഷാത്ക്കാരമാണ് കഴിഞ്ഞ ദിവസം പൂർണ്ണതയിലെത്തിയത്. അരങ്ങേറ്റം ശ്രീകൃഷ്ണ വേഷത്തിലായി എന്നതും വർത്തമാന കാല സമൂഹത്തിനുള്ള സ്നേഹ സന്ദേശം കൂടിയാവുകയാണ്.
എവിടെ കഥകളി നടക്കുമ്പോഴും കാണാൻ ഓടിയെത്തുമായിരുന്ന മുഹമ്മദലി മാസ്റ്റർക്ക് ബാല്യം മുതൽ കഥകളിയോട് ആരാധനയായിരുന്നു. വിദ്യാഭ്യാസ കാലം കഴിഞ്ഞ് കെമിസ്ട്രി അധ്യാപകനായി ജീവിതം തിരക്കുകളിലേക്ക് മാറിയപ്പോഴും ഉള്ളിലെ കഥകളി മോഹം നഷ്ടമാവാതെ അത് കൂടുതൽ തീവ്രമാകുകയായിരുന്നു.
കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ മാനേജിങ് ട്രസ്റ്റി കലാമണ്ഡലം വെങ്കിട്ടരാമനോട് മുഹമ്മദാലി തന്റെ ആഗ്രഹം പങ്കുവെക്കുന്നത്. ആ വാക്കുകളിൽ നിന്നു തന്നെ കഥകളിയോടുള്ള അഭിനിവേശം വെങ്കിട്ടരാമൻ തിരിച്ചറിഞ്ഞു. സാമൂഹിക പശ്ചാത്തലം ഉൾപ്പെടെയുള്ള തന്റെ ചില പരിമിതികൾ പങ്കു വച്ച മുഹമ്മാദാലിക്ക് ആത്മവിശ്വാസം നൽകിയ വെങ്കിട്ടരാമൻ തന്റെ ശിഷ്യത്വവും നൽകി. ജോലിഭാരം ഏറെയുണ്ടെങ്കിലും പഠനത്തിന് ഇളവുകളില്ലായിരുന്നു. പ്രായംകൊണ്ട് ശരീരം വഴങ്ങുമോയെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചെങ്കിലും അതെല്ലാം അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ വഴി മാറി. രണ്ട് വർഷത്തെ ചിട്ടയായ അഭ്യാസം മുഹമ്മദാലിയെ ആഗ്രഹ സാക്ഷാത്ക്കാരമായ അരങ്ങേറ്റത്തിലേക്കടുപ്പിച്ചു. ഒടുവിൽ കഴിഞ്ഞ ദിവസം ആ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. കൈയ് മെയ് ഒന്നായി മനസർപ്പിച്ച് മുഹമ്മദാലി മാസ്റ്റർ തന്റെ വേഷം ഗംഭീരമാക്കിയപ്പോൾ സദസിൽ നിന്ന് നിറഞ്ഞ ഹർഷാരവമുയർന്നു.
ഒടുവിൽ വേഷം ആടി തീർത്തപ്പോൾ മുഹമ്മദാലിയുടെ കണ്ണ് നിറഞ്ഞു. തന്റെ ശിഷ്യനെക്കുറിച്ച് പറയാൻ ആശാനും നൂറ് നാവാണ്. മെയ്‌വഴക്കം പാകപ്പെടുത്തുന്നതിൽ മുഹമ്മദാലി ശ്രദ്ധാലുവായിരുന്നെന്ന് ആശാൻ വെങ്കിട്ടരാമൻ പറയുന്നു.
മണ്ണാർക്കാട് കല്ലടി ഹൈസ്കൂളിലെ അധ്യാപകനായ മുഹമ്മദലി നിലവിൽ മണ്ണാർക്കാട് ബി.ആർ.സി.യിൽ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്ററാണ്.
ആയുർവേദഡോക്ടറായ ഭാര്യ ഡോ. അസ്മാബിയും മക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം അരങ്ങേറ്റം കാണാനെത്തിയിരുന്നു.
കഥകളിയെക്കുറിച്ച് കൂടുതൽ പഠിക്കാനും ഗവേഷണം നടത്തുകയുമാണ് തന്റെ ഇനിയുള്ള ആഗ്രഹമെന്ന് മുഹമ്മദാലി മാസ്റ്റർ പറയുമ്പോൾ ആ കണ്ണുകളിലുള്ളത് കേരളീയ കലകൾക്ക് വേണ്ടത്ര പ്രാധാന്യ നൽകാത്ത പുതു തലമുറക്കുള്ള സന്ദേശം കൂടിയാണ്.