തൃശ്ശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ഇന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചേക്കും. ബിജെപിയിലേക്കില്ല എന്ന അവരുടെ വിശദീകരണ ഫേസ്ബുക്ക് പോസ്റ്റ് കളയുകയും, ഫേസ്ബുക്ക് ബയോയിൽ ഇന്ത്യൻ പൊളിടീഷൻ ഫ്രം കേരള എന്നാക്കുകയും ചെയ്തതോടെയാണ് അഭ്യൂഹം ശക്തമായത്. ഇന്ന് രാവിലെ 11 മണിയോടെ ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇന്ന് പാർട്ടി അംഗത്വമെടുക്കാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചതെന്നും പ്രമുഖ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു
കോൺഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലല്ല. നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപം അവർ ഉന്നയിക്കുന്നുണ്ട്. രാജ്യസഭാ സീറ്റിൽ പ്രതീക്ഷ അർപ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നൽകാമെന്ന ധാരണ അവരെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്. കരുണാകരൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണം വൈകുന്നതും പ്രകോപനമായി. തൃശൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും അവർ ഉന്നയിച്ചിരുന്നു. പത്മജയുടെ ഈ അതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാണ് ബി ജെ പി ഇപ്പോൾ ഈ നീക്കം നടത്തിയിരിക്കുന്നത്. സഹോദരൻ കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ മത്സരരംഗത്ത് നിൽക്കുമ്പോൾ പത്മജയുടെ ഈ നീക്കം കോൺഗ്രസിന് തിരിച്ചടിയായേക്കും.