കാട്ടുതീ ഭീഷണിയും, വന്യജീവികളുടെ കാടിറക്കവും; ഡ്രോണ്‍ നിരീക്ഷണവുമായി വനംവകുപ്പ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് വനംഡിവിഷന് കീഴിലെ വിവിധ വനാതിര്‍ത്തികളില്‍ വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കാട്ടുതീ ഭീഷണിയും വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലുമാണ് ഡ്രോണ്‍ പറത്തിയത്. മാര്‍ച്ച് അവസാനംവരെ നിരീക്ഷണം തുടരും.ഡ്രോണ്‍ ദിവസവാടകയ്ക്കെടുത്താണ് പ്രവര്‍ത്തനം. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പറക്കാനും ചിത്രങ്ങള്‍ ഒപ്പിയെടുക്കാനും ഇതിനുസാധിക്കും. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.  സി. അബ്ദുള്‍ ലത്തീഫ്, റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം തുടരുന്നത്.  തിരുവിഴാംകുന്ന്, ആനമൂളി, പാലക്കയം ഫോറസ്റ്റ് സ്റ്റേഷനുകളിലാണ് ആദ്യഘട്ടമായി നിരീക്ഷണം. തുടര്‍ന്ന് അട്ടപ്പാടി വനമേഖലകളിലും ഡ്രോണ്‍ നിരീക്ഷണം നടത്തും.  നിലവില്‍ തത്തേങ്ങലം, കോട്ടോപ്പാടം,പുറ്റാനിക്കാട്, പൊതുവപ്പാടം മേഖലകളില്‍ നിരീക്ഷണം നടത്തികഴിഞ്ഞു. നൂറ് കിലോമീറ്റര്‍ വനാതിര്‍ത്തിയുള്ള മണ്ണാര്‍ക്കാട് റെയ്ഞ്ചിനുകീഴില്‍ അതിരൂക്ഷമായ കാട്ടാനശല്ല്യം നേരിടുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ്. വനത്തിനകത്ത്  അനഃധികൃതമായി കടന്നുകയറി കാട്ടുതീ ഇടുന്ന സംഭവങ്ങളും ഉള്ളതിനാല്‍ ഇതു പെട്ടെന്ന് കണ്ടെത്തി നിയന്ത്രിക്കുവാനും കഴിയുമെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. വനംവാച്ചര്‍മാരുടെ എണ്ണം കുറവുള്ള റെയ്ഞ്ച് ഓഫീസ് പരിധികളിലും ഡ്രോണ്‍മുഖേനയുള്ള നിരീക്ഷണം കൂടുതല്‍ ഫലപ്രദമാകും. മണ്ണാര്‍ക്കാട് വനം റെയ്ഞ്ചിന് കീഴില്‍ 25 വാച്ചര്‍മാരാണ് ഉള്ളത്.
Previous Post Next Post

نموذج الاتصال