പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് സൂര്യതാപമേറ്റു; മുൻകരുതലുകൾ മറക്കണ്ട

പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് എലവഞ്ചേരിയിലും, ആലത്തൂർ തരൂരിലുമായി രണ്ട് പേർക്ക് സൂര്യതാപമേറ്റു.  എലവഞ്ചേരിയിൽ തെങ്ങുകയറ്റത്തൊഴിലാളിക്ക് സൂര്യതാപത്തിൽ ഗുരുതരമായി പൊള്ളലേറ്റു. എലവഞ്ചേരി തണ്ണിപ്പുഴ എരകുളം വീട്ടിൽ വേലൻകുട്ടിയുടെ മകൻ രാജനാണ് (മായൻകുട്ടി -53) ഞായറാഴ്ച പൊള്ളലേറ്റത്.

രാവിലെ 11.30യോടെ കൊട്ടയങ്കാട്ടിലെ ഒരു വീട്ടിൽ രണ്ടു തെങ്ങുകളിൽ കയറി തേങ്ങയിട്ടിരുന്നു. തുടർന്ന് മരം മുറിക്കുന്ന പണിയിലും ഏർപ്പെട്ടിരുന്നു. ഉച്ചയോടെ മുതുകത്ത്‌ ശക്തമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു.

തുടർന്ന് വീട്ടുകാർ ദേഹം പരിശോധിച്ചപ്പോഴാണ് കഴുത്തിന് താഴെമുതൽ ഇടുപ്പുവരെയുള്ള ഭാഗത്ത്‌ പൊള്ളിയ കാര്യം മനസ്സിലായത്. ഉടനെ വള്ളുവക്കുണ്ട് ആരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക ചികിത്സയെടുക്കുകയും അവിടെനിന്ന് നെന്മാറ സർക്കാർ ആസ്പത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

സൂര്യതാപമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പണിസമയത്തും തെങ്ങിൽ കയറുമ്പോഴും ഷർട്ട് ധരിച്ചിരുന്നില്ല.


ആലത്തൂർ തരൂരിലെ ഓട്ടോറിക്ഷാഡ്രൈവർ കൊളക്കോട് ഷിബുവിന് (31) സൂര്യതാപമേറ്റു. ശനിയാഴ്ച ഉച്ചയോടെ ഷിബുവിന് കഴുത്തിനുചുറ്റും പുകച്ചിൽ അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ പഴമ്പാലക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മെഡിക്കൽ ഓഫീസർ സൂര്യതാപം സ്ഥിരീകരിച്ചു.

മുൻകരുതലുകൾ മറക്കേണ്ട

കൃഷിയിടങ്ങൾ, ഇഷ്ടികക്കളങ്ങൾ, ക്വാറികൾ തുടങ്ങിയ തുറന്ന സ്ഥലങ്ങളിൽ പണിയെടുക്കുന്നവർ പകൽ പതിനൊന്നുമുതൽ മൂന്നുവരെയുള്ള സമയത്ത്‌ ശരീരത്തിൽ വെയിൽ നേരിട്ടുകൊള്ളുന്നത് ഒഴിവാക്കണമെന്നും നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.

യാത്രയിലും മറ്റും വെയിൽ നേരിട്ടുകൊള്ളുന്നത് തടയാൻ കുടപോലുള്ള എന്തെങ്കിലും മറ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്.

അടുത്തയിടെ തൊഴിലുറപ്പുപണിക്കിടെ എലവഞ്ചേരിയിൽ ഒരു തൊഴിലാളി സ്ത്രീ കുഴഞ്ഞുവീണുമരിച്ച സംഭവത്തിനുപിന്നിൽ കടുത്ത ചൂടും നിർജലീകരണവുമായിരുന്നു എന്നാണ് കണ്ടെത്തിയിരുന്നത്.
Previous Post Next Post

نموذج الاتصال