അലനല്ലൂർ: കടുവയുടെ മുന്നിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി. എടത്തനാട്ടുകര വട്ടമലയിൽ താമസിക്കുന്ന കോട്ടയിൽ കൃഷ്ണന്റെ ഭാര്യ രുഗ്മിണിയാണ് കടുവയുടെ മുന്നിൽ അകപ്പെട്ടത് . ബുധനാഴ്ച വൈകിട്ട് 5.30നാണ് സംഭവം. വീടിന് തൊട്ടുള്ള കുഴിയിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോകുന്നതിനിടെ കുഴിയിൽ നിന്ന് ചാടി പുറത്തേക്ക് വരുന്ന കടുവയെ കണ്ട രുഗ്മണി ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മണ്ണാർക്കാട് നിന്ന് ദ്രുതകർമ സേന സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. കരിങ്കൻ തോണി പള്ളിക്കുന്നിൽ താമസിക്കുന്ന ഓട്ടുപാറ ഇബ്രാഹീമിന്റെ സ്ഥലത്തുള്ള കുഴിയിലാണ് കടുവ കിടന്നിരുന്നത്.
ഈ കുഴിയിൽ നിന്നാണ് ദിവസവും കുടുംബം വെള്ളം ശേഖരിക്കുന്നത്. വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ ഇരയാക്കാനാണ് കടുവ ഇവിടെ തമ്പടിക്കുന്നതെന്ന് സംശയിക്കുന്നു. ജനവാസ കേന്ദ്രങ്ങളിലെ കടുവയുടെ സാനിധ്യം ഇല്ലാതാക്കാൻ അതികൃതർ വേണ്ട നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരു ദിവസം മുമ്പ് റോഡിൽ കണ്ട കാൽപാട് വനം വകുപ്പ് പരിശോധിച്ച് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
വാർത്ത കടപ്പാട്