മണ്ണാർക്കാട്: സംസ്ഥാനത്ത് പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വോട്ടെടുപ്പ് കഴിഞ്ഞത്. അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം 71.16 ശതമാനമാണ് കേരളത്തിലെ പോളിങ് (ശതമാനകണക്കിൽ മാറ്റങ്ങൾ വരാം). ഓരോ മണ്ഡലത്തിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരം- 66.46, ആറ്റിങ്ങല്‍-69.40, കൊല്ലം-68.09, പത്തനംതിട്ട-63.35, മാവേലിക്കര-65.91, ആലപ്പുഴ-74.90, കോട്ടയം-65.60, ഇടുക്കി-66.53, എറണാകുളം- 68.27, ചാലക്കുടി- 71.84, തൃശൂര്‍-72.79, പാലക്കാട്- 73.37, ആലത്തൂര്‍- 73.20, പൊന്നാനി- 69.21, മലപ്പുറം- 72.90, കോഴിക്കോട്- 75.42, വയനാട്- 73.48, വടകര- 78.08, കണ്ണൂര്‍- 76.92, കാസര്‍കോഡ്- 75.94 ഇങ്ങനെ പോവുന്നു പോളിങ് ശതമാനം. കണക്കില്‍ ഇനിയും മാറ്റങ്ങള്‍ വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
ഇന്നലെ രാത്രി മുതൽ തന്നെ മുന്നണി നേതാക്കൾ കൂട്ടിക്കിഴിക്കലുകൾ ആരംഭിച്ചു. ഇത്തവണ 2019 ലേക്കാൾ പോളിങ്ങ് ശതമാനം കുറയും, അതാർക്ക് അനുകൂലമാകുമെന്നാണ് പൊതുവേയുള്ള ചർച്ചകൾ. ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തില്‍ 71.16 ശതമാനമാണ് പോളിങ്. മുന്നില്‍ വടകര, കുറവ് കോട്ടയം
2019-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ കുറവ് സംഭവിച്ചു. അന്ന് 77.84 ശതമാനം പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങായിരുന്നു അന്ന്. ഏകദേശം ഏഴ് ശതമാനം വോട്ടുകളുടെ കുറവ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായി. 2021-ല്‍ കേരളത്തില്‍ 74.06 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത്രപോലും പോളിങ് ശതമാനം ഇത്തവണയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. കനത്ത ചൂടാണ് ഇതിന് രാഷ്ട്രീയ പാര്‍ട്ടികളില്‍ പലരും കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വര്‍ഷങ്ങളായുള്ള പാറ്റേണ്‍ മുന്നില്‍ വച്ച് പോളിങ് ശതമാനം കുറഞ്ഞത് ആര്‍ക്ക് ഗുണകരമെന്ന രീതിയില്‍ പലതരം ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ അത്തരത്തില്‍ വിശകലനം ഇപ്പോള്‍ സാധ്യമാവുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം ഉന്നയിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമായെങ്കില്‍ 2021ലെ തിരഞ്ഞെടുപ്പില്‍ അത് എല്‍ഡിഎഫിന് അനുകൂലമായിരുന്നു.
എൽഡിഎഫും, യുഡിഎഫും, എൻഡിഎയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താഴേക്കടിയിലുള്ള പ്രവർത്തകരുടെ കണക്കുകൂട്ടലുകൾ പരിശോധിക്കുകയാണെങ്കിൽ. എൽഡിഎഫ് പാലക്കാടും ആലത്തൂരും അടക്കം 10 മുതൽ 15 സീറ്റുകളിൽ ജയം പ്രതീക്ഷിക്കുന്നുണ്ട്. അതിന് പുറമേ പൊന്നാനിയിൽ വരെ നേരിയ ഭൂരിപക്ഷത്തിന് ജയിക്കാനാകുമെന്നാണ് അവിടെ നിന്നുള്ള എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. യുഡിഎഫ് 18 മുതൽ 20 സീറ്റുകളിലും ജയപ്രതീക്ഷ വെച്ചു പുലർത്തുകയാണ്. ഇതിന് കാരണമായി അവർ പറയുന്നത് കഴിഞ്ഞ തവണത്തെ രാഹുൽ തരംഗം അതേപടി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴയും ഇത്തവണ പിടിക്കാനാകുമെന്ന് യുഡിഎഫ് പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എൻഡിഎ ഇക്കുറി 3 മണ്ഡലങ്ങളിൽ ജയിക്കുമെന്നും, രണ്ടിടത്ത് രണ്ടാം സ്ഥാനത്ത് എത്തുമെന്നുമാണ് എൻഡിഎയുടെ താഴേക്കിടയിലുള്ള പ്രവർത്തകരുടെ വിലയിരുത്തൽ