മണ്ണാർക്കാട്: പോളിങ് ബൂത്തിനു സമീപത്തുള്ള രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് കേന്ദ്രങ്ങൾ ദൂരം പാലിച്ചില്ലെന്ന കാരണത്താൽ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി സി.പി.എം. ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തി. ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനു സമീപത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇവിടെയുള്ള 95, 96 പോളിങ് ബൂത്തുകളിൽനിന്നു 200 മീറ്റർ ദൂരം പാലിച്ചില്ലെന്ന കാരണത്താൽ ഇരുകൂട്ടരുടെയും പന്തലിട്ട ബൂത്തുകളിലെ അലങ്കാരങ്ങളും മറ്റും വ്യാഴാഴ്ചരാത്രി പോലീസിന്റെ സഹായത്തോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു. പന്തലിന്റെ കാലുകളും മറ്റും വെള്ളിയാഴ്ച രാവിലെ നീക്കംചെയ്യാനും ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം പൊളിച്ചുനീക്കുന്നതിനിടെ ഒരുവിഭാഗം ഇതിന്റെ ചിത്രം മൊബൈലിൽ പകർത്തിയെന്നതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചു