കാഞ്ഞിരപ്പുഴ : കുടുംബങ്ങൾ ഈദ് ആഘോഷം കാഞ്ഞിരപ്പുഴ ഉദ്യാനത്തിലാക്കിയപ്പോൾ പെരുന്നാൾ ദിനമായ ബുധനാഴ്ച 80,410 രൂപയാണ് വരുമാനം. ചെറിയ പെരുന്നാൾ ദിനത്തിൽ ആയിരങ്ങളാണ് ഉദ്യാനം സന്ദർശിക്കാനെത്തിയത്. ജില്ലയ്ക്കു പുറമേ മലപ്പുറത്തുനിന്നാണ് ഏറെയും സന്ദർശകർ ഉദ്യാനത്തിലെത്തിയത്. വേനൽ അവധി ആരംഭിച്ചശേഷം ഉദ്യാനത്തിൽ വലിയതോതിൽ തിരക്ക് അനുഭവപ്പെടുന്നത് ഇതാദ്യമാണ്. ചിറക്കൽപടി കാഞ്ഞിരപ്പുഴ റോഡിൻ്റെ നവീകരണത്തോടെ ഗതാഗതം സുഗമമായതോടെ കാഞ്ഞിരപ്പുഴ മേഖലയിൽ അനുഭവപ്പെടുന്ന കനത്ത ചൂടിനെയും അവഗണിച്ചാണ് നൂറുകണക്കിന് സഞ്ചാരികളെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് സന്ദർശകരുടെ തിരക്ക്. ഉദ്യാനത്തിലെത്തിയാൽ ഉല്ലസിക്കാനും സൗകര്യങ്ങളേറെയാണ്. കുട്ടികൾക്കായി പെഡൽക്കാറുൾപ്പെടെയുള്ള വിനോദോപാധികളുണ്ട്. ചെക്‌ഡാമിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പെഡൽ ബോട്ടിങ് സൗകര്യവുമുണ്ട്. കുടുംബസമേതവും സഞ്ചരിക്കാം. കുട്ടികളുടെ പാർക്കും സൂര്യാസ്‌തമയവും ഉദ്യാനത്തിലെ പ്രധാന ആകർഷകമാണ്.