മണ്ണാര്‍ക്കാട്: കുടുംബങ്ങളുടെ ഉറക്കം കെടുത്തി മലയോര-ഗ്രാമീണ മേഖലകളിൽ കോട്ടെരുമയുടെ (മുപ്ലി വണ്ട്) ശല്യം രൂക്ഷം. മണ്ണാർക്കാട്, അലനല്ലൂർ, കുമരംപുത്തൂർ, ചങ്ങലീരി എന്നിവിടങ്ങളിലാണ് കൂടുതലും. കോട്ടെരുമകളെ കൊണ്ട് പൊറുതിമുട്ടിയതോടെ അലനല്ലൂരിലെ ഒരു കുടുംബം താമസം ബന്ധുവീട്ടിലേക്ക് മാറ്റി. എസ്‌റ്റേറ്റുപടി സ്വദേശി പാങ്ങയില്‍ മൊയ്ദീന്‍കുട്ടിയ്ക്കും കുടുംബത്തിനുമാണ് വീടൊഴിഞ്ഞ് പോകേണ്ട ദുരവസ്ഥയുണ്ടായത്. ഇവരുടെ ഓടുമേഞ്ഞ വീട്ടിന് അകത്തേക്ക് പോലും കയറാന്‍ പറ്റാത്ത വിധം കോട്ടെരുമകൾ പെരുകിയിരിക്കുകയാണ്. കോട്ടെരുമയില്ലാത്ത ഒരുസ്ഥലം പോലും വീട്ടിലില്ല. ഒരുതരത്തിലും വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമായതോടെയാണ് കുടുംബം കഴിഞ്ഞ ഫെബ്രുവരിയോടെ താമസം ബന്ധുവീട്ടിലേക്ക് മാറിയത്. റബ്ബർത്തോട്ടങ്ങളും എസ്റ്റേറ്റുകളുമുള്ള പ്രദേശത്തെ വീടുകൾക്കാണ് കോട്ടെരുമ ശല്യമേറെയും
കഴിഞ്ഞദിവസം വോട്ടുചെയ്യാനെത്തിയപ്പോൾ മൊയ്ദീൻകുട്ടി ഇവിടെ തങ്ങുകയുണ്ടായി. ഉറങ്ങിയെണീറ്റപ്പോൾ കാലിൽ പൊള്ളലേറ്റ പാടുകളാണ് കണ്ടത്. ശ്വാസംമുട്ടലും കണ്ണ് നീറ്റലും ഉണ്ടായെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി വേനൽക്കാലത്ത് വീട്ടിൽ കോട്ടെരുമശല്യം നേരിട്ടുവരികയാണ് ഇവർ. മറ്റൊരുസ്ഥലത്ത് വീടുവെച്ച് മാറാനുള്ള തീരുമാനത്തിലാണ് കുടുംബം.