34 വർഷത്തോളം നീണ്ട അധ്യാപക ജീവിതം; ഹമീദ് കൊമ്പത്ത് വിരമിച്ചു

മണ്ണാർക്കാട്: പൊതുവിദ്യാഭ്യാസ രംഗത്ത് മൂന്നര പതിറ്റാണ്ടോളം നീണ്ട സമർപ്പിത സേവനത്തിന് ശേഷം കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത് ഔദ്യോഗിക ജീവിതത്തിൽ നിന്നും
വിരമിച്ചു. കർമനിരതമായ പൊതുജീവിതത്തിൽ വിവിധ മേഖലകളിൽ തൻ്റേതായ വ്യക്ത‌ിമുദ്ര പതിപ്പിച്ചാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പടിയിറങ്ങുന്നത്. കെ.എസ്.ടി.യു പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ  ഹമീദ് കൊമ്പത്ത്  അധ്യാപന രംഗത്തെ 34 വർഷത്തെയും സംഘടനയുടെ സംസ്ഥാന നേതൃത്വത്തിൽ നീണ്ട 27 വർഷത്തെയും  സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്.സംഘടനയുടെ ബാലാരിഷ്ടതകളുടെ കാലത്ത് കൈപിടിച്ച് നടത്തിയ പഴയ കാല നേതാക്കളിലെ അവസാന കണ്ണിയാണ്.
മണ്ണാർക്കാട് ഉപജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ 
1989 ഓഗസ്റ്റ് 5 ന്  ജൂനിയർ ഹിന്ദി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1999 മുതൽ  എച്ച്.എസ്.ടി ഹിന്ദി തസ്തികയിൽ.1989 ൽ തന്നെ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയനിൽ അംഗത്വം.പലഘട്ടങ്ങളിലായി ഉപജില്ലാ ഭാരവാഹി,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി,റവന്യൂ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി,1997 മുതൽ  സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ.2002 മുതൽ  സംസ്ഥാന സെക്രട്ടറി,വൈസ് പ്രസിഡണ്ട്,ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചു.നാലര പതിറ്റാണ്ട് നീണ്ട കെ.എസ്.ടി.യു സംഘടനാ ചരിത്രത്തിൽ കൂടുതൽ കാലം സംസ്ഥാന നേതൃപദവിയിലിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള അവകാശ പോരാട്ടങ്ങളിലും    പ്രക്ഷോഭ സമരങ്ങളിലും സജീവപങ്കാളിത്തം വഹിച്ചു.സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് കോൺഫെഡറേഷൻ
(സെറ്റ്കോ)ജില്ലാ ചെയർമാൻ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,
യുണൈറ്റഡ് ടീച്ചേഴ്സ് ആന്റ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കൺവീനർ,സംയുക്ത അധ്യാപക സമിതി ജില്ലാ കൺവീനർ,സംഘടനാ മുഖപത്രമായ ഗുരുചൈതന്യം അസോസിയേറ്റ് എഡിറ്റർ തുടങ്ങിയ പദവികളും വഹിച്ചു. അക്കാദമിക രംഗത്തെ പ്രവർത്തനങ്ങൾക്ക് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും  ഡോ.എസ്.രാധാകൃഷ്ണൻ റിസർച്ച് ആന്റ് ഡവലപ്മെന്റ് സെന്ററിന്റെയും അനുമോദനത്തിന് പാത്രമായി.
ഇരുപത്തഞ്ച് വർഷത്തിലധികക്കാലമായി ജില്ലാ വിദ്യാഭ്യാസ സമിതി,ക്വാളിറ്റി ഇംപ്രൂവ്മെൻ്റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി,സമഗ്ര ശിക്ഷാ കേരള പർച്ചേസ് കമ്മിറ്റി,ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം കാര്യോപദേശക സമിതി എന്നിവയിൽ അംഗമായിക്കൊണ്ട് ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ക്രിയാത്മക പങ്ക് വഹിച്ചു.
മുസ്‌ലിം സർവീസ് സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി,എൻ. ഷംസുദ്ദീൻ എം.എൽ. എയുടെ ഫ്ലെയിം സമഗ്ര വിദ്യാഭ്യാസ കർമ്മ പദ്ധതിയുടെ കോർ ഗ്രൂപ്പ് ചെയർമാൻ,അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ തേടുന്നതിന് സൗജന്യ പി.എസ്.സി പരിശീലനവും  വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനവും വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിനായുള്ള വിവിധ കർമ്മ പദ്ധതികളും നടപ്പാക്കുന്ന കോട്ടോപ്പാടം ഗൈഡൻസ് ആന്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊസൈറ്റിയുടെ  പ്രസിഡണ്ട്,നാട്ടുകൽ കാരുണ്യ അഗതി മന്ദിരം  ഭാരവാഹിത്വം,മലപ്പുറം ആസ്ഥാനമായുള്ള ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം എക്സിക്യൂട്ടിവ് അംഗം,
ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി, നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ താലൂക്ക് കമ്മിറ്റി, കൊമ്പം ചാരിറ്റബിൾ സൊസൈറ്റി കൂടാതെ ഒട്ടേറെ കലാ സാംസ്കാരിക കൂട്ടായ്മകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും  സജീവമായി പ്രവർത്തിച്ചു വരുന്നു.

മുസ്‌ലിം ലീഗ് പാർട്ടിയുടെ ആശയാദർശങ്ങളുൾക്കൊണ്ട് പൊതുപ്രവർത്തനം ജീവിത സപര്യയാക്കിയ കുടുംബത്തിലെ അംഗമായതിനാൽ പ്രൈമറി ക്ലാസ് മുതലേ എം.എസ്.എഫിന്റെ പ്രവർത്തകനായി.കോട്ടോപ്പാടം പഞ്ചായത്ത് മുസ്‌ലിം ലീഗ്  കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട്,സെക്രട്ടറി സ്ഥാനങ്ങളും മണ്ണാർക്കാട് നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനവും വഹിച്ചു.നിലവിൽ മുസ്‌ലിം ലീഗ് ജില്ലാ കൗൺസിലറാണ്.
അഖില കേരള ബാലജനസഖ്യം മണ്ണാർക്കാട് യൂണിയൻ രക്ഷാധികാരി,ഹിന്ദി ടീച്ചേഴ്സ് ട്രൈനീസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.തിരക്കുകൾക്കിടയിലും ഇരുപത് വർഷത്തിലധികമായി   
ബൂത്ത് ലെവൽ ഓഫീസറായും പ്രവർത്തിക്കുന്നു.1999 മുതൽ നാളിതുവരെയും  
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആയിരക്കണക്കിന് പ്രതിഭകൾ മാറ്റുരക്കുന്ന ഉപജില്ലാ,റവന്യൂ ജില്ലാ, സംസ്ഥാനതല സ്കൂൾ കലോത്സവം,ശാസ്ത്രോത്സവം,കായികമേള, സ്പെഷ്യൽ സ്കൂൾ കലോത്സവം,ടി.ടി.ഐ കലോത്സവം,ഗെയിംസ് മത്സരങ്ങൾ,അധ്യാപക ദിനാഘോഷം തുടങ്ങിയവയുടെ    സംഘാടനത്തിലും നടത്തിപ്പിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.25 വർഷം മുമ്പ് ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തിൽ ട്രോഫി കൺവീനറായി തുടക്കം കുറിച്ച് ഒട്ടേറെ ജില്ലാ സംസ്ഥാന  മേളകളിൽ പ്രോഗ്രാം, ഭക്ഷണം,ശബ്ദവും വെളിച്ചവും,സ്റ്റേജ് ആന്റ് പന്തൽ,സ്വീകരണം,പബ്ലിസിറ്റി ആന്റ് മീഡിയ,
ഉൾപ്പെടെയുള്ള പ്രധാന കമ്മിറ്റികളുടെ ചുമതല നിർവഹിച്ചു.ഹമീദ് കൊമ്പത്ത് ഉൾപ്പെടെയുള്ള  അധ്യാപക സംഘടനാ നേതാക്കളുടെ കൂട്ടായ പ്രയത്നമാണ് സംസ്ഥാന കലാ,കായിക,ശാസ്ത്ര മേളകളിൽ ജില്ല കൈവരിച്ച കിരീട നേട്ടങ്ങൾക്ക് പ്രേരകമായത്.ജില്ലയിലെ കലാ കായിക ശാസ്ത്ര പ്രതിഭകൾക്ക് സംസ്ഥാന മേളകളിൽ മത്സരിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിൽ മുൻപന്തിയിൽ നിന്ന്  ജില്ലയെ നേട്ടങ്ങളുടെയും മികവിന്റെയും പെരുമയുടെയും ഉയരങ്ങളിലെത്തിച്ചാണ് പടിയിറക്കം.വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ സർഗാത്മക അഭിരുചിയും സംഘാടക പ്രാവീണ്യവും കൈമുതലാക്കിയിട്ടുണ്ട്.അച്ചടിയെ വെല്ലുന്ന കൈയക്ഷരത്തിനുടമയാണ്.ജില്ലയിലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെയും
കെ.എസ്.ടി.യു ഉൾപ്പെടെ പ്രവർത്തിച്ച മുഴുവൻ സംഘടനകളുടെയും വാർത്തകളും പ്രവർത്തനങ്ങളും സമൂഹമധ്യത്തിലെത്തിക്കുവാൻ വടിവൊത്ത അക്ഷരങ്ങളിൽ അദ്ദേഹം എഴുതുന്ന വാർത്തകളിൽ ഒരു വെട്ടലോ തിരുത്തലോ ആവശ്യമാകാറില്ലെന്ന മാധ്യമപ്രവർത്തകരുടെ അഭിപ്രായം അദ്ദേഹത്തിൻ്റെ പ്രതിഭയുടെ സാക്ഷ്യം തന്നെയാണ്.
അലനല്ലൂർ തുവ്വശ്ശേരി വീട്ടിൽ സാജിറയാണ് ഭാര്യ.ഖദീജ തൻസി (സസ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം), ഇലക്ട്രിക്കൽ ആന്റ് കംപ്യൂട്ടർ എഞ്ചിനീയറിങ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അലി ആഷിർ എന്നിവർ മക്കളാണ്.സൗദി അറേബ്യയിലെ ജിദ്ദയിൽ ബാങ്കിങ് മേഖലയിൽ സിസ്റ്റം എഞ്ചിനീയറായ ടി.കെ. ഹാഷിം മരുമകനാണ്.ഹലീമ മർയം ചെറുമകളാണ്.
Previous Post Next Post

نموذج الاتصال