പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ 3,26,151 വ്യാജ വോട്ടുകൾ ഉണ്ടെന്ന ആരോപണവുമായി എൻ.ഡി.എ. സ്ഥാനാർഥി സി. കൃഷ്ണകുമാർ. ഇരട്ടിപ്പ് വോട്ടുകളും വ്യാജവോട്ടുകളും ഭരണകക്ഷിക്കുവേണ്ടി ചേർത്തതാണെന്നും സംസ്ഥാനത്ത് മുഴുവൻ ഇത്തരത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും കൃഷ്ണകുമാർ പാലക്കാട്ട് പത്രസമ്മേളനത്തിൽ ആരോപിച്ചു.
വിഷയത്തിൽ ശനിയാഴ്ച ചീഫ് ഇലക്ടറൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയതായും കൃഷ്ണകുമാർ പറഞ്ഞു.
13,98,143 പേരാണ് മണ്ഡലത്തിൽ വോട്ടർപ്പട്ടികയിലുള്ളത്. ഇതിൽ നാലിലൊന്നും വ്യാജന്മാരാണെന്നും വ്യത്യസ്ത ഫോട്ടോകളും തിരിച്ചറിയൽകാർഡും ഉപയോഗിച്ച് പല ബൂത്തുകളിൽ പേരുള്ളവരുണ്ടെന്നും ഒരു ബൂത്തിൽത്തന്നെ രണ്ടു വോട്ടുള്ളവരുണ്ടെന്നും ആരോപിച്ചു.
‘നിരവധിപേരെ അവസാന പട്ടികയിൽനിന്ന് ഒഴിവാക്കി, ഇവർക്കുപകരം ഇരട്ടിപ്പ് വോട്ടുകൾ ചേർത്തു. ‘വീട്ടിൽ വോട്ട്’ സംബന്ധിച്ച് സി.പി.എം. ഏജന്റുമാരെ മാത്രമാണ് അറിയിക്കുന്നത്’ -കൃഷ്ണകുമാർ ആരോപിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, പി. രഘുനാഥ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം, പാലക്കാട് മണ്ഡലത്തിലെ വോട്ടർപ്പട്ടിക സംബന്ധിച്ച് എൻ.ഡി.എ. നൽകിയ പരാതി പരിശോധിക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അധികൃതർ പറഞ്ഞു