കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം.

കാട്ടാനക്കൂട്ടം ഇറങ്ങുന്നത് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി മുകേഷും സംഘാംഗങ്ങളും പോയതായിരുന്നു. ഇവരുടെ നേർക്ക് പാഞ്ഞ് അടുത്ത ആനയെകണ്ടതും സംഘം ചിതറി ഓടുകയായിരുന്നു. ആന തിരിച്ചു പോയതിനുശേഷമുള്ള തിരച്ചിലിലാണ് മുകേഷ് വീണുകിടക്കുന്നതായി കണ്ടത്. ഉടൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന 'അതിജീവനം' എന്ന കോളം എഴുതിയിരുന്നു.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.
Previous Post Next Post

نموذج الاتصال