കോട്ടയം: കൊടും ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമെന്നും രക്തക്കുഴലുകള്‍ പൊട്ടുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍. കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലാണ് വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്നും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് മാധ്യമങ്ങളോട് അറിയിച്ചു.
കേരളത്തില്‍ പുതിയ ഉഷ്ണ തരംഗം വരാൻ പോകുന്നുവെന്നും ചൂടിൽ നിന്ന് വീട്ടിനകത്തേക്ക് വരുന്നവർ തണുത്ത വെള്ളത്തിൽ കുളിക്കരുതെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. തണുത്ത വെള്ളം കുടിക്കുന്നവരുടെ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കുകയും അവർക്ക് സ്ട്രോക്ക് വരികയും ചെയ്യാമെന്നും പറയുന്നു. കഴിഞ്ഞ വർഷം മുതൽ എങ്കിലും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഈ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി അശാസ്ത്രീയമായ ആരോഗ്യ വിവരങ്ങൾ സമൂഹത്തിൽ എത്തിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും പറയുന്നു.
എന്നാല്‍, താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ കാരണമാകുമെന്ന വാദത്തിന് വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ യാതൊരു പിന്തുണയും ഇല്ല. ആന്തരിക താപനില നിലനിർത്താൻ ഉഷ്ണരക്ത ജീവിയായ മനുഷ്യൻറെ ശരീരത്തിന് കഴിവുണ്ട്. നമ്മൾ കഴിക്കുന്ന ജലത്തിൻ്റെ താപനില, തണുപ്പോ ചൂടോ ആകട്ടെ, നമ്മുടെ രക്തക്കുഴലുകളുടെ ബലത്തെ നേരിട്ട് ബാധിക്കുന്നില്ല. വളരെ ചൂടുള്ളതോ തണുത്തതോ ആയ ദ്രാവകങ്ങൾ കുടിച്ചാൽ വായ, പല്ലുകൾ, അന്നനാളം എന്നിവയിൽ ഒക്കെ പൊള്ളൽ അല്ലെങ്കിൽ തണുപ്പ് മൂലമുള്ള പരിക്കോ ഉണ്ടാകാമെങ്കിലും ഇവ ആന്തരിക രക്തക്കുഴലുകൾ പൊട്ടുന്നതിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് തെളിവുകളില്ലെന്നും ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്കില്‍ ഡോ. അരുൺ മംഗലത്ത് എഴുതി.