മണ്ണാർക്കാട്: മഴക്കാലത്ത് മണ്ണിടിച്ചിലിന് പുറമേ അട്ടപ്പാടി ചുരത്തിൽ മരംവീണ് ഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കും മരങ്ങൾ വീഴുമോ എന്ന ഭീതിയിലാണ് അതുവഴി യാത്ര ചെയ്യുന്നവർ. ഉണങ്ങിയ മരങ്ങളാണ് അപകടം വിതയ്ക്കുന്നത്. ഒമ്പതാം വളവിനടുത്തായി ഇത്തരം മരങ്ങളുണ്ട്. ഉണങ്ങിയ മരങ്ങൾ മാത്രമല്ല ചുരം റോഡിന്റെ വശങ്ങളിലെല്ലാം വീഴാറായ മരങ്ങൾ നിൽക്കുന്നതും ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള നൂറ്കണക്കിന് വാഹനയാത്രക്കാരുടെ നെഞ്ചിടിപ്പേറ്റുന്നു.
പാറക്കെട്ടുകൾക്കിടയിൽ നിൽക്കുന്ന മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങത്തതിനാൽ തന്നെ വീഴാനുള്ള സാധ്യതയും ഏറെയാണ്. മരം വീഴുന്നതോടൊപ്പം സമീപത്തെ പാറകളും റോഡിലേക്ക് വീണേക്കാം. യാത്രക്കാർക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് മാറ്റുകയോ കൊമ്പുകൾ വെട്ടി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനുള്ള നടപടികൾ വൈകുകയാണ്.
ഇതിന് പുറമേ അട്ടപ്പാടി മുക്കാലി പാതയുടെ വശത്തുള്ള പൈപ്പ് ലൈൻ കുഴികളിൽ മഴക്കാലത്ത് വെള്ളം കെട്ടി കിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ ഭാര വണ്ടികൾ സൈഡ് ഇറങ്ങി അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുന്നു.