മണ്ണാർക്കാട്: മഴ പെയ്തതോടെ ടാറിങ് പ്രവൃത്തികൾ നിർത്തിവെച്ച മണ്ണാർക്കാട്-ചിന്നത്തടാകം റോഡിൽ ആനമൂളിവരെ യാത്രാക്ലേശം രൂക്ഷമായി. ടാറിങ്ങിനായി വൈറ്റ് മിക്സ് മെക്കാഡമിട്ട് നിരത്തിയ റോഡിൽ മെറ്റലുകൾ ഇളകി ഇപ്പോൾ നിറയെ കുഴികളാണ്. ഇതിൽ ചെളിവെള്ളവും നിറഞ്ഞതോടെ യാത്ര കൂടുതൽ ദുഷ്കരമായി. കലുങ്കുകളുടെ നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിലും റോഡ് തകർച്ചയും ഗതാഗതക്കുരുക്കും വർധിക്കുന്നു.
നെല്ലിപ്പുഴ ജങ്ഷൻ മുതൽ ആനമൂളിവരെയാണ് റോഡ് പ്രവൃത്തി നടക്കുന്നത്. ആദ്യഘട്ട ടാറിങ്ങിനായി തെങ്കര മുതൽ നെല്ലിപ്പുഴ സ്കൂളിന് സമീപം വരെ നാല് കിലോമീറ്ററാണ് റോഡ് ടാറിങ്ങിനായി പരുവപ്പെടുത്തിയത്. ഇതിൽ തെങ്കര ഭാഗത്ത് 1.3 കിലോമീറ്ററിൽ ടാറിങ് നടത്തിയെങ്കിലും മഴ കനത്തതോടെ ശേഷിക്കുന്ന ഭാഗത്ത് പ്രവൃത്തികൾ നിർത്തിവെക്കുകയായിരുന്നു. പ്രതികൂലകാലാവസ്ഥ കാരണം ടാറിങ് പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. മഴയില്ലാത്ത സമയം പ്രയോജനപ്പെടുത്തി ടാറിങ് പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇരുചക്രവാഹനയാത്രക്കാരാണ് റോഡ് തകർച്ചയിൽ കൂടുതൽ ബുദ്ധിമുട്ടുന്നത്.
അഴുക്കുചാൽ നിർമാണത്തിനായി എടുത്ത കുഴികൾക്ക് സമീപത്തെ ചെളിക്കെട്ടും ബുദ്ധിമുട്ടുണ്ടാക്കുന്നു. ആണ്ടിപ്പാടം മുതൽ മണലടിവരെയും തെങ്കര സ്കൂൾ പരിസരത്തുമാണ് കുഴികളും ചെളിക്കെട്ടും കൂടുതലുള്ളത്. സ്‌കൂൾ പരിസരത്ത് കലുങ്ക് നിർമാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ റോഡിന്റെ ഒരുവശത്തു കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് ഗതാഗതക്കുരുക്കുമുണ്ടാക്കുന്നു. ഒരുവശം വലിയ താഴ്ചയായതും യാത്രയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നാമമാത്രമായ വീപ്പകളും കല്ലുകളും വശങ്ങളിൽ നിരത്തിയിരിക്കുകയാണ്. കലുങ്ക് നിർമാണം പൂർത്തിയാകാത്ത മണലടി പോലുള്ള ഭാഗത്ത് വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടേറെയാണ്. സ്‌കൂൾ വാഹനങ്ങളുൾപ്പെടെ ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതകൂടിയാണിത്.
പുഞ്ചക്കോട് ആയുർവേദ ആശുപത്രിയിലേക്ക് തിരിയുന്ന ജങ്ഷനിൽ മരങ്ങളുടെ കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. മണ്ണാർക്കാട്-ചിന്നത്തടാകം റോഡിന്റെ ആദ്യഘട്ട പ്രവൃത്തികളാണ് ആനമൂളിവരെയുള്ള എട്ടുകിലോമീറ്ററിൽ നടന്നു വരുന്നത്