പാലക്കാട്: അർധരാത്രി എരിമയൂർ തോട്ടുപാലത്തിലൂടെ കൈയും വീശി ഒരാൾ നടന്നുപോകുന്നു. അതുവഴി പട്രോളിങ്ങിനെത്തിയ കുഴൽമന്ദം എസ്.ഐ. എസ്. ഉമറിനും സി.പി.ഒ.മാരായ സുർജിത്തിനും ദിജേഷിനും ഒരു പന്തികേട് തോന്നി. ആളുടെ പഴ്സ് പരിശോധിച്ചപ്പോൾ കിട്ടിയത് ആത്മഹത്യാക്കുറിപ്പ്. കുഴൽമന്ദം തോട്ടുപാലത്ത് വ്യാഴാഴ്ച രാത്രി ഒരു ജീവൻ രക്ഷിക്കുന്നതിന് ഇടയാക്കിയ സംഭവങ്ങൾ പറയുമ്പോൾ ഉമറിന് ആശ്വാസം.
പാലത്തിലൂടെ നടന്നുപോകുന്ന തൃശ്ശൂർ സ്വദേശിയായ നാല്പതുകാരനെയാണ് രാത്രി 12 മണിയോടെ എസ്.ഐ.യും സംഘവും കണ്ടത്. ‘‘ഒറ്റക്കെന്താണിവിടെ’’യെന്ന ചോദ്യത്തിന് “കൈയിൽ കാശില്ല സാറേ... ചെന്നൈയിലേക്ക് പോയതാണ്. കോയമ്പത്തൂരിൽവെച്ച് ബാഗും ഫോണും കളഞ്ഞുപോയി. പാലക്കാടുനിന്ന് കുഴൽമന്ദം വരെ എങ്ങനെയോ എത്തി. തൃശ്ശൂരിലേക്ക് പോണം.” ഇതായിരുന്നു മറുപടി. പറഞ്ഞ പേരും നാടുമെല്ലാം ശരിയാണോ എന്നറിയാൻ പഴ്സ് ചോദിച്ചു. അപ്പോഴാണ് നോട്ടുപുസ്തകത്തിൽനിന്നു കീറിയ രണ്ടുപേജിൽ ആത്മഹത്യാക്കുറിപ്പ് കണ്ടതെന്ന് എസ്.ഐ. പറഞ്ഞു.
കാര്യം ചോദിച്ചറിഞ്ഞപ്പോൾ വായ്പ കിട്ടിയില്ലെന്നും സാമ്പത്തികപ്രശ്നമുണ്ടെന്നും അയാൾ മറുപടി നൽകി. ഭാര്യയുടെ നമ്പറിൽ വിളിച്ചപ്പോൾ മൂന്നുദിവസമായി വീട്ടിലെത്തിയിട്ടില്ലെന്നും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും വിവരം കിട്ടി. പിന്നാലെ സ്റ്റേഷനിൽ വിവരം അറിയിച്ച് കുടുംബത്തെ എത്തിച്ചതിനുശേഷം ഇയാളെ കൂടെ അയക്കാൻ നിർദേശം നൽകുകയായിരുന്നുവെന്ന് എസ്.ഐ. പറഞ്ഞു. ഇതിനിടെ ഭക്ഷണവും വാങ്ങിക്കൊടുത്തു. ആത്മഹത്യയിൽനിന്ന് ഒരാളെ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്നും എസ്.ഐ. ഉമർ പറഞ്ഞു.