തിരുവനന്തപുരം: മരത്തിനു മുകളിൽ താക്കോൽക്കൂട്ടം കുടുങ്ങിയെന്നു പറഞ്ഞ് അഗ്നി രക്ഷാസേനയെ വിളിച്ചുവരുത്തി കബളിപ്പിച്ചയാളെ പോലീസ് പിടികൂടി.
കണ്ണമ്മൂല സ്വദേശി രതീഷിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി മാനവീയം വീഥിയിലായിരുന്നു സംഭവം.
രാത്രി 11.48-നാണ് ചെങ്കൽച്ചൂള സ്റ്റേഷനിലേക്ക് രതീഷ് വിളിച്ചത്. വീടിന്റെയും വാഹനത്തിന്റെയും താക്കോൽക്കൂട്ടം മരത്തിനു മുകളിൽ കുടുങ്ങിയെന്നായിരുന്നു പറഞ്ഞത്. ഇത് എടുക്കാൻ സഹായിക്കണമെന്നായിരുന്നു അഭ്യർഥന. ഉദ്യോഗസ്ഥർ രതീഷിനെ തിരികെവിളിച്ചു സംഭവം ശരിയാണോ എന്ന് ഉറപ്പിച്ചു. സേന എത്തുമ്പോൾ രതീഷ് മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ വാഹനത്തിന്റെ മുകളിൽക്കയറി മരത്തിൽ തിരയുകയും ശിഖരങ്ങൾ പിടിച്ചു കുലുക്കുകയും ചെയ്തിട്ടും താക്കോൽ കിട്ടിയില്ല.
ഒടുവിൽ റോഡിൽ തിരയാൻ തുടങ്ങി. രതീഷ് മാറിനിന്നു ചിരിക്കുന്നത് കണ്ടതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് മനസിലായത്.ഇതോടെ രതീഷിനെ തടഞ്ഞുവച്ച് മ്യൂസിയം പോലീസിനു കൈമാറി.
അവശ്യസർവീസായ അഗ്നിരക്ഷാസേനയുടെ പ്രവർത്തനം തടസ്സപ്പെടുത്തുംവിധം പെരുമാറിയതിനാണ് കേസെടുത്തിട്ടുള്ളത്. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.