മണ്ണാർക്കാട്: താലൂക്കിൽ കനത്ത മഴ തുടരുന്നു. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാർ, പാലക്കയം, തുപ്പനാട് പുഴകളിൽ നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
മരംവീണ് വിവിധയിടങ്ങളിലായി ആറ് വീടുകളും 73 വൈദ്യുതത്തൂണുകളും തകർന്നു. ഗതാഗതവും വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലുമുണ്ടായി. പുഴകളിലും തോടുകളിലും ജലനിരപ്പുയർന്നു. പാലക്കയം ചക്കാലയിൽ കുര്യാക്കോസിന്റെ വീടിനുമുകളിലേക്ക് മരം പൊട്ടിവീണ് ഭാഗിക നാശമുണ്ടായി. ചൊവ്വാഴ്ചപുലർച്ചെ 2.30-നാണ് സംഭവം. കുമരംപുത്തൂർ വെള്ളപ്പാടം ആമ്പാടത്ത് വീട്ടിൽ ഖലീൽറഹ്മാന്റെ വീടിനുമുകളിലേക്ക് ചൊവ്വാഴ്ച പുലർച്ചെ തെങ്ങുവീണ് സാരമായ നാശനഷ്ടമുണ്ടായി. തച്ചമ്പാറ മുണ്ടമ്പാലത്തുള്ള തോടംകുളം സുലോമണിയുടെ ഓടിട്ട വീടിനുമുകളിലേക്ക് തേക്ക് കടപുഴകിവീണ് മേൽക്കൂര തകർന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ചരാത്രി കുമരംപുത്തൂർ പയ്യനെടം മേപ്പാടത്ത് ലക്ഷ്മിയുടെ വീടിനുമുകളിലേക്ക് റബ്ബർമരം പൊട്ടിവീണ് മേൽക്കൂര തകർന്നു.
മണ്ണാർക്കാട് മുക്കണം ശിവക്ഷേത്രത്തിനു മുന്നിലുള്ള മുത്തപ്പൻ ആൽമരം കടപുഴകി വീണു ഈ ആൽമരത്തിന് ഏകദേശം 300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത് വീഡിയോ 👇
കരിമ്പയിൽ കളത്തിൽ ഇബ്രാഹിമിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. പെരിമ്പടാരി കാഞ്ഞിരപ്പാടം തറവാടിനുമുകളിൽ മരംവീണ് വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ആൾത്താമസമില്ലാത്ത വീടാണിത്. മണ്ണാർക്കാട് നൊട്ടമലഭാഗം പാതയോരത്ത് മണ്ണിടിച്ചിലുണ്ടായി. കോൽപ്പാടത്ത് റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ആനമൂളി ചിറപ്പാടം ഭാഗത്തും റോഡിലേക്ക് മരംവീണു. അഗ്നിരക്ഷാസേന മരം മുറിച്ചുനീക്കി. ദേശീയപാതയിലുൾപ്പെടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടു.
കെ.എസ്.ഇ.ബി. മണ്ണാർക്കാട് ഡിവിഷനുകീഴിലുള്ള ഏഴ് സെക്ഷനുകളിലായി 73 വൈദ്യുതത്തൂണുകളാണ് മരങ്ങൾവീണ് തകർന്നത്. 1,500 വീടുകളിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. 12 എച്ച്.ടി. തൂണുകളും 61 എൽ.ടി. തൂണുകളും അതിലെ ലൈനുകളുമാണ് തകർന്നത്. എട്ടുലക്ഷംരൂപയുടെ നഷ്ടം സംഭവിച്ചതായി എക്സിക്യുട്ടീവ് എൻജിനിയർ എസ്. മൂർത്തി അറിയിച്ചു.
മണ്ണാർക്കാട് സെക്ഷന്റെ കീഴിൽമാത്രം 31 സ്ഥലങ്ങളിലാണ് വൈദ്യുതത്തൂണുകളിലേക്കും ലൈനുകളിലേക്കും മരംവീണത്. ഇതിൽ 13 തൂണുകൾ തകർന്നു. ഒരു എച്ച്.ടി. ലൈനിലേക്കും മരം പൊട്ടിവീഴുകയുണ്ടായി.