മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിലെ വന സംരക്ഷണ വിഭാഗം ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ മണ്ണാർക്കാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രൂക്ഷമായ മനുഷ്യ വന്യ ജീവി സംഘർഷം അഭിമുഖീകരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ വന സംരക്ഷണ വിഭാഗം ജീവനക്കാർ നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. വനസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം മനുഷ്യ വന്യജീവി സംഘർഷ മേഖലകളിലും, രാപ്പകൽ ഭേദമന്യേ ജീവൻ പണയം വെച്ചും ജോലി ചെയ്യേണ്ടി വരുന്ന വനപാലകരുടെ അമിത ജോലി ഭാരത്തിന് കുറച്ചെങ്കിലും ആശ്വാസമാവണമെങ്കിൽ നിലവിൽ ഈ മേഖലയിലുള്ള സ്റ്റേഷനുകളിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർ തസ്തികകളിലായി 15 ഇൽ അധികം ഒഴിവുകൾ നികത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആയതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ മണ്ണാർക്കാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എഫ്.പി.എസ്.എ പ്രസിഡന്റ് എം. മൊഹമ്മദ് സുബൈർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ മുഹമ്മദ് സിദ്ദീഖ്, വൈസ് പ്രസിഡന്റ് സി. സുരേഷ് ബാബു, ട്രഷറർ സന്ധ്യ കെ.എസ് എന്നിവർ എന്നിവർ സംസാരിച്ചു.