മണ്ണാര്‍ക്കാട്: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാര്‍. മുണ്ടൂര്‍ സ്വദേശിനിയായ സുജാത (33) യാണ് ബസ് യാത്രക്കിടെ കുഴഞ്ഞു വീണത്. ഉടനെ തന്നെ അവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നൂ. ആനക്കട്ടി - എടത്തനാട്ടുകര റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരായ ഡ്രൈവര്‍ ശരവണനും കണ്ടക്ടര്‍ ബാലകൃഷ്ണനുമാണ് ഇവർക്ക് രക്ഷകരായത്.
ഇന്ന് വൈകീട്ടാണ് സംഭവം അട്ടപ്പാടി മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകയായ സുജാതക്ക് ബസിൽ കയറി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു, ബസിലെ സീറ്റുകൾ ഫുൾ ആയതിനാൽ ഇവർക്ക് ബോണറ്റിൽ ഇരിക്കാൻ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. ബസ് മണ്ണാര്‍ക്കാട് ഡിപ്പോയിലെത്തിയപ്പോള്‍ ഇവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെടുകയും, കുഴഞ്ഞു വിഴുകയുമായിരുന്നു. ഉടനെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ ഇറക്കി ബസില്‍തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സുജാതയാണ് പേരെന്നും മുണ്ടൂരാണ് വീടെന്നും മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. മണ്ണാർക്കാട്ടെ ആംബുലൻസ് ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് ഇവരുടെ വീട്ടുകാരെ കണ്ടെത്തിയത്. വൈകുന്നേരത്തെ എടത്തനാട്ടുകരയിലേക്കുള്ള സര്‍വീസ് നിര്‍ത്തി വെച്ച് ബസ് ജീവനക്കാര്‍ യുവതിയുടെ സഹായത്തിനായി ആശുപത്രിയില്‍ നിൽക്കുകയും ചെയ്തു. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.