മണ്ണാർക്കാട്: പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ്‍യെ (21) ഇന്നലെ ഒഴുക്കിൽപ്പെട്ടത് കാണാതാകുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു വിജയ്. ഇന്നലെ ഏറെ വൈകിയും നടത്തിയ തിരച്ചിൽ ഇന്ന് രാവിലെയും തുടർന്നിരുന്നു. മണ്ണാർക്കാട് അഗ്നിശമന സേനയും കല്ലടിക്കോട് പൊലീസും, സിവിൽ ഡിഫൻസ് അംഗങ്ങളും, നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
ഞായറാഴ്ച ഉച്ചയോടു കൂടിയായിരുന്നു യുവാവിനെ കാണാതായത് ഞായറാഴ്ച രാത്രിയോളം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാലാവസ്ഥ ദുഷ്കരമായതിനെ തുടർന്ന് ഇന്നലെ തിരച്ചിൽ താത്കാലികമായി നിർത്തി വെച്ചു.
ഇന്ന് രാവിലെ ആറ് മണിക്ക് ഫയർഫോഴ്സും, കല്ലടിക്കോട് പോലീസും, സിവിൽ ഡിഫൻസും, നാട്ടുകാരും ചേർന്ന് പുനരാരംഭിച്ച തിരച്ചിലിൽ, യുവാവിനെ കാണാതായ സ്ഥലത്തിന് അടുത്തുള്ള വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിന്റോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ വി. സുരേഷ് കുമാർ, പ്രശാന്ത് , റിജേഷ്. സി, ഷബീർ .എം എസ്, ഹോം ഗാർഡ് അനിൽകുമാർ, വിജിത്ത്, അൻസൽ ബാബു. ടി കെ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.