മണ്ണാർക്കാട്: പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച അലനല്ലൂരിലെ പുത്തന്‍ വീട്ടില്‍ ശ്രീദേവി അമ്മക്ക് കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന്റെ സ്നേഹാദരം. കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ മാനേജർ കെ.സി.കെ സയ്യിദ് അലി പൊന്നാടയണിയിച്ച് ശ്രീദേവി അമ്മയെ ആദരിച്ചു. ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്, തന്നിലൂടെ ഈ സന്ദേശം പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന ശ്രീദേവി അമ്മയെ പോലുള്ളവർ സമൂഹത്തിന് മാതൃകയാണെന്ന് കല്ലടി സ്ക്കൂൾ മാനേജർ കെസികെ സയ്യിദ് അലി അനുമോദന പ്രസംഗത്തിൽ പറഞ്ഞു. ശ്രീദേവിയമ്മയുടെ തുടർന്നുള്ള പഠനത്തിന് ആവശ്യമെങ്കിൽ പിന്തുണ നൽകും. ശ്രീദേവിയമ്മയെ ബിരുദധാരിയായി കാണണമെന്നാണ് ആഗ്രഹമെന്നും മാനേജർ കെ സി കെ സയ്യിദ് അലി കൂട്ടിച്ചേർത്തു.
പ്രായം 76 കടന്നിട്ടും പഠനത്തിൽ ആവേശം ചോരാതെ പ്ലസ് വൺ തുല്ല്യത പരീക്ഷ എഴുതി പുതിയ തലമുറയ്ക്ക് മാതൃകയായ ശ്രീദേവിയമ്മ ഇതിനകം ചർച്ചയായിരുന്നു. ശ്രീദേവി അമ്മ 1968ൽ 254 മാർക്കോടെ മലപ്പുറം പാണ്ടിക്കാട് പയ്യപറമ്പ് ഗവ. ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചെങ്കിലും വിവാഹശേഷം തുടർപഠനത്തിന് സാധിച്ചില്ല. 56 വർഷങ്ങൾക്കു ശേഷമാണ് പ്ലസ് വൺ തുല്യത പരീക്ഷ എഴുതുന്നത്.
കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് ശ്രീദേവിഅമ്മ പ്ലസ് വൺ ഹുമാനിറ്റീസ് തുല്യത പരീക്ഷ എഴുതിയത്. കഥ, കവിത, പാട്ട് രചനയിൽ കഴിവുള്ള ഇവർക്ക് ഇംഗ്ലീഷിലും പ്രാവീണ്യമുണ്ട്. പരേതരായ പുത്തൻവീട്ടിൽ വേലു നായരുടെയും ദേവകിയുടെയും മകളാണ്. പരേതനായ രാമചന്ദ്രനാണ് (അപ്പുണ്ണി) ഭർത്താവ്. മക്കൾ: സുരേഷ് ബാബു, ജയപ്രകാശ്, ശ്രീലത. രമ്യ, രാധാമണി, ശിവദാസൻ എന്നിവരാണ് മരുമക്കൾ
അനുമോദന ചടങ്ങിന് കല്ലടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം ഷെഫീഖ് റഹിമാൻ അധ്യക്ഷത വഹിച്ചു. റിഷാൽ.എൻ., അബ്ദുൽ ഹാദി അറയ്ക്കൽ, അബ്ദുൽ റഫീക്ക് കുന്നത്ത്, അനിൽ.പി.ജി., അനസ്.കെ.പി. തുടങ്ങിയവർ പ്രസംഗിച്ചു. എം. കുഞ്ഞയമ്മു ചടങ്ങിന് നന്ദി പറഞ്ഞു