'അപ്പോഴും പറഞ്ഞില്ലേ, പോരണ്ടാന്ന്...' രമ്യയെ പാട്ട് പാടി തിരിച്ചയച്ച് എല്‍‍ഡിഎഫ് പ്രവർത്തകർ

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് നേരിടേണ്ടി വന്നത് കനത്ത പരിഹാസം. ‘അപ്പോഴും പറഞ്ഞില്ലേ പോരണ്ട പോരണ്ടാന്ന്..!’ എന്ന പാട്ടുപാടിയാണ് രമ്യയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വരവേറ്റത്. 6 മാസത്തിനിടയ്ക്ക് രണ്ടാം തിരഞ്ഞെടുപ്പിനായി ചേലക്കരയിൽ ഇറങ്ങിയ രമ്യാ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചെങ്കിലും നേരിട്ടത് കനത്ത തിരിച്ചടിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാട്ടുപാടി വോട്ടര്‍മാരെ കയ്യിലെടുത്ത രമ്യ പക്ഷെ 2024ല്‍ ആലത്തൂരില്‍ തോല്‍വി അറിഞ്ഞു. ചേലക്കരയില്‍ എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ പാട്ടുപാടാതെയാണ് രംഗത്തിറങ്ങിയത്.

12,201 വോട്ടുകൾക്ക് വിജയിച്ച് യു ആർ പ്രദീപ് ചേലക്കരയെ ചെങ്കരയാക്കി. 64,827 വോട്ടാണ് ചേലക്കരയിൽ പ്രദീപ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 52,626 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ 9,000 ത്തോളം വോട്ട് വർധിപ്പിച്ച് 33609 വോട്ട് നേടി.
Previous Post Next Post

نموذج الاتصال