ഒടുവിൽ ആശ്വാസം: പാതിവഴിയില്‍ നിലച്ചിരുന്ന ടാറിങ് പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്:  നെല്ലിപ്പുഴ-ആനമൂളി റോഡില്‍ തടസ്സപ്പെട്ടുകിടന്ന ടാറിങ് പ്രവൃത്തികള്‍ പുനരാരംഭിച്ചു. നെല്ലിപ്പുഴ ആണ്ടിപ്പാടം മുതല്‍ പുഞ്ചക്കോട് വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ട ടാറിങ് പ്രവൃത്തികള്‍ അവശേഷിക്കുന്നത്. ഞായറാഴ്ചയാണ് വീണ്ടും ടാറിങ് തുടങ്ങിയത്. ദാറുന്നജാത്ത് സ്‌കൂള്‍ പരിസരം മുതല്‍ മണലടി പള്ളിക്ക് സമീപം വരെ 800 മീറ്ററോളം ദൂരത്തില്‍ ഒരു ഭാഗത്ത് ടാര്‍ചെയ്തു. അഴുക്കുചാല്‍ പ്രവൃത്തികള്‍ കഴിയാത്തതിനാല്‍ ചെക്പോസ്റ്റ് ജംങ്ഷനില്‍ കുറച്ച് ഭാഗം ഒഴിവാക്കിയിട്ടുണ്ട്. മഴകാരണം ഇന്നലെ ടാറിങ് ജോലികള്‍ നടന്നില്ല. അതേസമയം നിലവില്‍ ടാറിങ് കഴിഞ്ഞ ഭാഗത്തുകൂടി വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. മറുഭാഗത്ത് ടാര്‍ ചെയ്യാന്‍ ഉപരിതലമൊരുക്കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗത്ത് ടാര്‍ ചെയ്യുകയും മറുഭാഗത്തുകൂടെ വാഹനഗതാഗതം സാധ്യമാക്കുകയാണ് ചെയ്യുന്നത്. നെല്ലിപ്പുഴ മുതല്‍ പുഞ്ചക്കോട് വരെയുള്ള ദൂരത്തില്‍ ആറാം തിയതി വരെ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 


അന്തര്‍സംസ്ഥാനപാതയായ മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്നത്. തെങ്കര മുതല്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍ വരെ നാല് കിലോമീറ്ററോളം ദൂരത്തില്‍ ടാറിങ്ങിന് ഉപരിതലമൊരുക്കുകയും ജൂണില്‍ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തെങ്കര മുതല്‍ പുഞ്ചക്കോട് വരെയുള്ള ഭാഗത്ത് ടാറിങ് നടത്തിയപ്പോഴേക്കും കാലവര്‍ഷം ശക്തമായി. ഇതോടെ ബാക്കിയുള്ള ഭാഗത്തെ ടാറിങ് തടസ്സപ്പെട്ടു. ശക്തമായ മഴപെയ്തതോടെ ഉപരിതലം തകര്‍ന്ന് കുഴികളും രൂപപ്പെട്ടു. ഇതോടെ ഗതാഗതവും ദുഷ്‌കരമായി. മഴയില്ലാത്തപ്പോള്‍ രൂക്ഷമായ പൊടിശല്ല്യവും യാത്രക്കാര്‍ക്കും സമീപത്ത് താമസിക്കുന്നവര്‍ക്കും നേരിടേണ്ടിവന്നു. 

യാത്രാക്ലേശം വര്‍ധിച്ചതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഒക്ടോബര്‍ 10ന് ടാറിങ് പുനരാരംഭിക്കാമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതിനാല്‍ ടാറിങ് നടത്താന്‍ സാധിച്ചില്ല. ഇതോടെ പരാതികളും പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം മുതല്‍ ടാറിങ് ആരംഭിച്ചത്. മഴ പ്രതികൂലമായില്ലെങ്കില്‍ ഈ ആഴ്ച തന്നെ ടാറിങ് പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു. തെങ്കരയില്‍ നിന്നും ആനമൂളി വരെയുള്ള ഭാഗത്തെ ടാറിങും വൈകാതെ തന്നെ ആരംഭിക്കാനാണ് ശ്രമം.
Previous Post Next Post

نموذج الاتصال