മണ്ണാർക്കാട്: രാജ്യസുരക്ഷയിലേർപ്പെട്ട ബി.എസ്.എഫ്. മലയാളി ഉദ്യോഗസ്ഥൻ ജിഷ്ണുപ്രസാദിന് (26) ഓൾ ഇന്ത്യ പോലീസ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇരട്ടസ്വർണം. അഭിമാനത്തോടെ മണ്ണാർക്കാടും. ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ജിഷ്ണു പ്രസാദ് 200 മീറ്ററിലും 4x100 മീറ്റർ റിലേയിലും സ്വർണം നേടിയത്. മണ്ണാർക്കാട് തെന്നാരി പയ്യുണ്ട വീട്ടിൽ കൃഷ്ണകുമാർ-മാലതി ദമ്പതിമാരുടെ മകനാണ്.
രണ്ടിനങ്ങളിലും പുതിയ റെക്കോഡ് സ്ഥാപിച്ചാണ് മെഡൽനേട്ടമെന്നതും പ്രത്യേകതയായി. പുരുഷന്മാരുടെ 200 മീറ്റർ മത്സരത്തിൽ 21.09 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 1993-ൽ പഞ്ചാബ് പോലീസിലെ ഹർജിത് സിങ്ങിന്റെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്-21.10 സെക്കൻഡ്. ജിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബി.എസ്.എഫ്. ടീം 4x100 മീറ്റർ റിലേയിലും 40.73 സെക്കൻഡുകൊണ്ട് ലക്ഷ്യം കണ്ട് റെക്കോഡിട്ടു. 2005-ൽ ബി.എസ്.എഫ് തന്നെ നേടിയ (40.86) റെക്കോഡാണ് തകർത്തത്. റിലേ ടീമിൽ രണ്ടു മലയാളികളുമുണ്ടായിരുന്നു. പാലക്കാട് സ്വദേശിയായ ആർ. അനീഷും കോട്ടയം സ്വദേശി വിനീത് ശശിധരനും. പശ്ചിമബംഗാളിലെ സൗരബ് ഷാ ആയിരുന്നു മറ്റൊരു ടീമംഗം. 4x400 മീറ്റർ റിലേയിലും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. സ്കൂൾതലം മുതലേ സ്പോർട്‌സിൽ പ്രാവീണ്യം തെളിയിച്ചിരുന്നു.
