ഒറ്റപ്പാലം: കാറിൽ കടത്തുകയായിരുന്ന 30 കിലോഗ്രാം കഞ്ചാവുമായി ‘കാപ്പ’ ചുമത്തപ്പെട്ടിരുന്നയാളടക്കം രണ്ടുപേർ അറസ്റ്റിൽ. തച്ചനാട്ടുകര ചെത്തല്ലൂർ ആനക്കുഴി ബാബുരാജ് (32), ബന്ധുവായ പ്രകാശ് (35) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 12,500 രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു. ബാബുരാജിന്റെ പേരിലാണ് നാട്ടുകൽ സ്റ്റേഷൻ പരിധിയിൽ നേരത്തേ ‘കാപ്പ’ ചുമത്തിയത്.
ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ നിന്നാണ് ഇവരെ എസ്.ഐ. എം. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അമ്പലവട്ടം ഭാഗത്തുനിന്നു സൗത്ത് പനമണ്ണ ഭാഗത്തേക്കു പോവുകയായിരുന്ന കാർ സംശയത്തെത്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. തൃശ്ശൂരിൽനിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും ഹാറൂൺ എന്ന വ്യക്തിയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും പിടിയിലായവർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. കഞ്ചാവിനായി 3.15 ലക്ഷം രൂപ ഹാറൂണിന് കൈമാറിയതായും മൊഴിനൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.