രാഷ്ട്രീയവിരോധം വെച്ച് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്

പാലക്കാട്: രാഷ്ട്രീയവിരോധം വെച്ച് യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്. പെരിങ്ങോട് സെന്ററിൽ ഓട്ടോ ഓടിച്ചിരുന്ന പരാതിക്കാരനെ മാരകായുധവും മരവടിയും ഉപയോഗിച്ചു അടിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിൽ പ്രതിയായ കോങ്ങാട് പാറശ്ശേരി വൈലിപ്പാടം  സജീവിനെയാണ്    രണ്ടു വർഷം കഠിന തടവിനും 6000 രൂപ പിഴയടക്കാനും പിഴയടക്കാത്ത പക്ഷം ഒരു മാസം  തടവിനും പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (നമ്പർ രണ്ട്) ആർ. അനിത ശിക്ഷിച്ചത്.  പിഴസംഖ്യ അടക്കുന്ന പക്ഷം പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനും ഉത്തരവായി.

2008 ഫെബ്രുവരി  12 ന് ഉച്ചക്ക് 1.30 ന് പെരിങ്ങോട് മുണ്ടഞ്ചേരി ആലിൻചുവട് എന്ന സ്ഥലത്തായിരുന്നു സംഭവം. ഉച്ചക്ക് ഒരു മണിക്കു ശേഷം വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയുമായി നിൽക്കുമ്പോൾ ഒരാൾ ട്രിപ്പ് വിളിച്ചതിനെ തുടർന്ന് മുണ്ടഞ്ചേരി ഭാഗത്തേക്ക് ഓട്ടോ ഓടിച്ചു പോകുന്നതിനിടയിൽ പരാതിക്കാരനെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി ഉപദ്രവിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.   കോങ്ങാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണ് അന്വേഷണം നടത്തി കുറ്റപത്രംസമർപ്പിച്ചത്.  പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വി.ജി ബിസി ഹാജരായി.

Post a Comment

Previous Post Next Post