പുതുനഗരം: സ്ലാബിന്റെ ദ്വാരത്തിലൂടെ കിണറ്റിൽ വീണ സംസാരശേഷിയില്ലാത്ത എട്ടു വയസ്സുകാരൻ മരിച്ചു. പുതുനഗരം ഐശ്വര്യ കോളനി മുൽഹിമ മൻസിലിൽ അബ്ദുള്ളയുടെ മകൻ ഐസാം യൂസഫ് മിർസയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനുശേഷമായിരുന്നു അപകടം.
പുതുനഗരം സെൻട്രൽ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയായ ഐസാം സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിയശേഷം ഭക്ഷണം കഴിക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. കുട്ടിയെ കാണാത്തതിനെത്തുടർന്ന് തിരച്ചിൽ നടത്തിയ വീട്ടുകാർ തൊട്ടടുത്ത പറമ്പിലെ ആൾമറയില്ലാത്ത, കോൺക്രീറ്റ് സ്ലാബിട്ടു മൂടിയ, കിണറിന്റെ മുകൾഭാഗത്ത് മിക്സചർ ചിതറിക്കിടക്കുന്നത് കണ്ടു. സ്ലാബിന്റെ ദ്വാരത്തിലൂടെ വീണിരിക്കാമെന്ന നിഗമനത്തിൽ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേന മണ്ണുമാന്തിയന്ത്രമുപയോഗിച്ചു സ്ലാബ് തകർത്ത് കിണർ പരിശോധിച്ചു. മിക്സ്ചർ കഴിക്കാനുപയോഗിച്ച പാത്രം പൊങ്ങിക്കിടക്കുന്നതു കണ്ടതോടെ കുട്ടി ഉള്ളിലുണ്ടാകുമെന്ന് ഉറപ്പിച്ചു.
പാലക്കാട്ടുനിന്നും ചിറ്റൂരിൽനിന്നും എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ കിണറ്റിലിറങ്ങി. കുട്ടിയെ കിണറിനു പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന്, മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുതുനഗരം പോലീസിന്റെ നടപടികൾക്കുശേഷം വ്യാഴാഴ്ച പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. തുടർന്ന്, പുതുനഗരം ഹനഫി വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഐസാമിന്റെ മാതാപിതാക്കൾ നാലുവർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിതാവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസം. സഹോദരൻ: ബുർഹാൻ യൂനുസ് മിർസ