മലയോര സമരയാത്രക്ക് മണ്ണാര്‍ക്കാട് ഉജ്വല സ്വീകരണം

മണ്ണാര്‍ക്കാട് : വന്യജീവി ആക്രമണത്തിനും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും ബഫര്‍സോണ്‍ വിഷയത്തിലും പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രക്ക് മണ്ണാര്‍ക്കാട് ആവേശകരമായ സ്വീകരണം.

കരുവാരക്കുണ്ടിലെ സീകരണത്തിന് ശേഷം പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ച ജാഥയെ എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് വെച്ച് വരവേല്‍പ്പ് നല്‍കി. മണ്ണാര്‍ക്കാട് നഗരത്തില്‍ നിന്നും തുറന്ന വാഹനത്തില്‍ ജാഥാ നായകനേയും നേതാക്കളേയും ബാന്‍ഡുവാദ്യത്തിന്റെ അകമ്പടിയോടെ ആനയിച്ച് സ്വീകരണ വേദിയായ നെല്ലിപ്പുഴ ജംങ്ഷനിലേക്ക് എത്തിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാനം നിര്‍വഹിക്കുന്നില്ലെന്നും വന്യമൃഗങ്ങള്‍ കാരണം മലയോരത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്ല്യത്തിന് പരിഹാരം കാണണമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ നിരന്തരം ഉന്നയിച്ചുവരികയാണ്. എന്നാല്‍ നിസംഗമായ മറുപടിയാണ് ഉണ്ടാകുന്നത്. എവിടെയും എപ്പോഴും വന്യമൃഗങ്ങളിറങ്ങുമെന്ന സ്ഥിതിയാണ്. വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങളെത്തുമ്പോള്‍ അവയുടെ ചലനം അറിയിക്കാനും കാട്ടിലേക്ക് തിരിച്ചുവിടാനുമുള്ള ആധുനിക സംവിധാനങ്ങളുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ല. ജനങ്ങളെ വിധിക്കു വിട്ടിരിക്കുകയാണ്. ആനയും കടുവയും കൊന്നാൽ, വിധി എന്നാണു സർക്കാർ നയം. 

വന്യജീവി ആക്രമണങ്ങള്‍ കുറഞ്ഞ് വരികയാണെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ എഴുതിവെച്ചത്. എന്നാല്‍ 2018 മുതല്‍ 60, 000 വന്യമൃഗ ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. ആയിരത്തിലധികം പേര്‍ മരിച്ചു. 8000ലധികം പേര്‍ക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. പലര്‍ക്കും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. നാലായിരത്തോളം പേര്‍ നഷ്ടപരിഹാരം കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളുടെ വിധിക്കുവിട്ടിരിക്കുകയാണ്. വനസംരക്ഷണം വേണം, ജനവാസ മേഖല വനമായി പ്രഖ്യാപിക്കരുത്. പൂജ്യം ശതമാനം ബഫര്‍സോണ്‍ എന്നതാണ് യു.ഡി.എഫ്. നിലപാട്. ബഫര്‍സോണ്‍ വനാതിര്‍ത്തിയില്‍ മതി. കൊടുങ്കാറ്റുപോലെ യു.ഡി.എഫ്. തിരിച്ചുവരുമെന്നും മലയോര ജനങ്ങളുടെ സങ്കടങ്ങള്‍ മാറ്റുന്നതിന് പ്രഥമപരിഗണന നല്‍കുമെന്ന് വാക്കുനല്‍കുന്നുവെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. 

എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. നേതാക്കളായ എം.എം ഹസ്സന്‍, അനൂപ് ജേക്കബ് എം.എല്‍.എ, മോന്‍സി ജോസഫ് എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍, രാജന്‍ ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, സന്ദീപ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ മരയ്ക്കാര്‍ മാരായ മംഗലം, കണ്‍വീനര്‍ ബാലഗോപാല്‍, ടി.എ സിദ്ദീഖ്, എ തങ്കപ്പന്‍, കെ.എ ചന്ദ്രന്‍, പൊന്‍പാറ കോയക്കുട്ടി, മജീഷ് മാത്യു, വി.ഡി ജോസഫ്, സി.വി ബാലചന്ദ്രന്‍, ടി.എ സലാം മാസ്റ്റര്‍, പി.സി ബേബി, എ.കെ അസീസ്, പ്രൊഫ. കെ.എ തുളസി, കളത്തില്‍ അബ്ദുള്ള, സി. മുഹമ്മദ് ബഷീര്‍, വി.പ്രീത, പി.അഹമ്മദ്  അഷ്റഫ്, റഷീദ് ആലായന്‍, കല്ലടി അബൂബക്കര്‍, അസീസ് ഭീമനാട്,എം.എസ് അലവി തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال