മണ്ണാർക്കാട്: കലാലയങ്ങളിൽ അക്രമങ്ങളും സംഘർഷങ്ങളും നടത്തുന്നത് അവസാനിപ്പിക്കണമെന്നും അതല്ലെങ്കിൽ ഒരു തലമുറയുടെ ഭാവി തകർന്നടിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ കലോത്സവം മണ്ണാർക്കാട് നജാത്ത് കോളേജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
സൗഹൃദമാണ് കാമ്പസ് ജീവിതതതിന്റെ ചാലകശക്തി. ആ സൗഹൃദം ഏറ്റവും കൂടുതൽ ശക്തിപ്പെടുത്തേണ്ട ഇടങ്ങളാണ് സർവകലാശാലാ കലോത്സവങ്ങൾ. അത് കൊണ്ട് തന്നെ അവ ഒത്തുരമയോടെ സംഘടിപ്പിക്കുവാനും സൗഹൃദം ഊട്ടിയുറപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു
സ്കൂൾ കലോത്സവ മാതൃകയിൽ അധ്യാപക - വിദ്യാർത്ഥി സംഘടനകൾ ഒത്തൊരുമിച്ച് സർവകലാശാലാ കലോത്സവങ്ങൾ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
അഡ്വ.എൻ.ഷംസുദ്ദീൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കെ.ശാന്തകുമാരി എം.എൽ.എ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവർ മുഖ്യാഥിതികളായി. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ, നജാത്ത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദലി, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പർ മധു രാമനാട്ടുകര, അക്കാദമിക് കൗൺസിൽ അംഗങ്ങളായ ഡോ.പി.കെ.അനീസുദ്ദീൻ, ഡോ.ടി.സൈനുൽ ആബിദ്, സെനറ്റ് മെമ്പർ അമീൻ റാഷിദ് ,യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ, ജനറൽ സെക്രട്ടറി മുഹമ്മദ് സഫ് വാൻ,
പാലക്കാട് ജില്ലാ എക്സിക്യുട്ടീവ് മെമ്പർ അഭിനന്ദ്, മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് മെമ്പർ പി.കെ.മുബഷിർ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.യു ഹംസ സ്വാഗതവും, കൺവീനർ ഗിരീഷ് ഗുപ്ത നന്ദിയും പറഞ്ഞു.
Tags
mannarkkad